hi

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ വഴിയിടമിനി വഴിയാധാരമാവില്ല. കുറവൻകുഴി ജംഗ്ഷനിൽ സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് പ്രവർത്തനം പുനരാരംഭിച്ചു. സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി യാത്രക്കാർക്ക് വിശ്രമിക്കാൻ ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി പഴയകുന്നുമ്മേൽ പഞ്ചായത്ത് വഴിയിടമെന്ന പേരിലാരംഭിച്ച വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. നവംബർ 24ന് കേരളകൗമുദി വഴിയാധാരമായ വഴിയിടം എന്ന തലക്കെട്ടിൽ വാർത്ത നൽകിയതിനെ തുടർന്നാണ് നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ടേക്ക് എ ബ്രേക്ക് പ്രവർത്തനം ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അറിയിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കിളിമാനൂർ കുറവൻ കുഴിയിൽ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. 2022 ഫെബ്രുവരി 8ന് പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയത് 2023 ഏപ്രിലിലായിരുന്നു. പദ്ധതിയുടെ നടത്തിപ്പ് കരാറെടുത്ത ആദ്യ കരാറുകാരൻ വ്യവസ്ഥ ലംഘിച്ചതുകൊണ്ട് സ്ഥാപനം പൂട്ടുകയായിരുന്നു. മറ്റൊരു കരാറുകാരനെ ഏൽപ്പിച്ചെങ്കിലും അയാളും ഉപേക്ഷിച്ചു. എം.സി റോഡിലൂടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രം, ലഘുഭക്ഷണം, ടോയ്‌ലെറ്റ് സൗകര്യം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്. 20,18,988 രൂപയാണ് നിർമ്മാണച്ചെലവ്.