വിതുര: വിതുര പഞ്ചായത്തിൽ കരടിയുടെ ആക്രമണം തുടരുന്നു. രണ്ട് മാസത്തിനിടയിൽ രണ്ട് ആദിവാസി ഗൃഹനാഥൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം പൊടിയക്കാല കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻകാണിക്കാണ് (52) കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽകയറിയ രാജേന്ദ്രൻകാണിയെ നിലത്തിട്ട് മാരകമായി കരടി കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളികേട്ട് പരിസരവാസികൾ എത്തിയാണ് രക്ഷപ്പെടുത്തിയത്. രാജേന്ദ്രൻകാണി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 ആക്രമണഭീതിയിൽ

രണ്ട് മാസം മുൻപ് വിതുര മണലിവാർഡിൽ തച്ചരുകാലതെക്കുംകര പുത്തൻവീട്ടിൽ ശിവദാസൻ കാണിയേയും (55) കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ശിവദാസൻകാണിയുടെ കാൽ കരടി കടിച്ച് മുറിച്ചു. കൂലിപ്പണിക്കാരനായ ശിവദാസൻകാണി രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോകവേ വഴിയിൽ വച്ചാണ് കരടി ആക്രമിച്ചത്. കരടിയെ കണ്ട് ഭയന്ന് നിലവിളിച്ച ഇയാൾ ഓടി കമുകിൽ കയറി രക്ഷപ്പെടാൻ നോക്കിയെങ്കിലും കരടി പിന്നാലെകയറി ശിവദാസന്റെ കാലിൽപിടികൂടുകയായിരുന്നു. ശിവദാസന്റെ രണ്ട് കാൽപ്പാദവും കരടി കടിച്ചുമുറിച്ചു. ഇയാളുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റു. ശിവദാസിന്റെ നിലവിളികേട്ട് പരിസരവാസികളും ബന്ധുക്കളും ഓടികൂടി. ഇവർ ബഹളം വച്ച് കമ്പുകളും കല്ലും കൊണ്ട് എറിഞ്ഞപ്പോഴാണ് കരടി കാലിലെ പിടിവിട്ട് വനത്തിലേക്ക് ഓടിമറഞ്ഞത്. ഇതിനിടയിൽ ശിവദാസൻകാണി കമുകിന്റെ മുകളിൽ നിന്ന് താഴെ വീണു. രണ്ടാമാസം കഴിഞ്ഞിട്ടും ശിവദാസന് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല.

 പ്രധാന കേന്ദ്രങ്ങൾ

പൊടിയക്കാല, മണലിതച്ചരുകാല, കാലങ്കാവ്, ചാത്തൻകോട്, ചെമ്മാംകാല, കളിയിക്കൽ

 ആക്രമണകാരിയായി കരടികൾ

ചക്ക തിന്നാൻ വനത്തിൽ നിന്ന് കരടികൾ എത്താറുണ്ടെന്ന് ആദിവാസികൾ പറയുന്നു. കരടിയുടെ ശല്യം മൂലം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തേ മരുതാമല,​ ചാത്തൻകോട്, ​ചെമ്മാംകാല ആദിവാസി കോളനിയിലും മരത്തിൽ തേൻ ശേഖരിക്കാൻ കയറിയ ആദിവാസി യുവാവിനും കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവിടെ പുലിയുടെ ആക്രമണത്തിലും ഒരുയുവാവിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കാട്ടാക്കടയിൽ കിണറ്റിൽ വീണ് ഒരു കരടി ചത്തിരുന്നു.

 കാട്ടുമൃഗങ്ങൾ നിരവധി

കരടിക്ക് പുറമേ പ്രദേശത്ത് കാട്ടാന,കാട്ടുപോത്ത്, പുലി, പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. ഇതിന് പുറമേ ജനവാസമേഖലകളിലും വന്യമൃഗങ്ങൾ എത്തി നാശവും ഭീതിയും പരത്തുന്നുണ്ട്. കാട്ടാനയുടേയും കാട്ടുപോത്തിന്റെയും ആക്രമണത്തിൽ അനവധി പേർ മരണപ്പെട്ടിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലാർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിതുര ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ല.