photo1

പാലോട്: നന്ദിയോട് കൃഷിഭവന്റെ മേൽനോട്ടത്തിൽ പാട്ടത്തിനെടുത്ത രണ്ട് ഏക്കർ 65 സെന്റ് പുരയിടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ കൃഷി ചെയ്തിരുന്ന 1500 മൂടോളം മരച്ചീനി പിഴുത് നശിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് മാതൃകാ കർഷകനും നിരവധി അവാർഡുകൾ നേടിയിട്ടുമുള്ള മീൻമുട്ടി എസ്.എസ് ഭവനിൽ സുരേന്ദ്രൻ പാലോട് പൊലീസ്, നന്ദിയോട് പഞ്ചായത്ത്, കൃഷിഭവൻ എന്നിവിടങ്ങളിൽ പരാതി നൽകി. വർഷങ്ങളായി കൃഷി മാത്രം ഉപജീവന മാർഗമാക്കിയ കർഷകനാണ് സുരേന്ദ്രൻ. 35ലധികം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയിറക്കിയത്. കാട്ടുമൃഗങ്ങളുടെ ശല്യം കൂടുതലായ പ്രദേശമായതിനാൽ സുരേന്ദ്രനും ഭാര്യയും കൃഷിയിടത്തിൽ തന്നെ താത്കാലിക ഷെഡ് നിർമ്മിച്ചാണ് കഴിയുന്നത്.അധികൃതർ അടിയന്തര നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രനും കുടുംബവും.