uni

തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ പി.എം-ഉഷയിൽ (പ്രധാനമന്ത്രി ഉച്ചതാർ സർവ ശിക്ഷാ അഭിയാൻ) നിന്ന് 100

കോടിയുടെ ധനസഹായത്തിനായി പദ്ധതി തയ്യാറാക്കി കേരള സർവകലാശാല. അടിസ്ഥാന സൗകര്യവികസനത്തിന് പണം നൽകുന്ന പദ്ധതിയാണ് പി.എം-ഉഷ. ഇതിൽ 60%കേന്ദ്രത്തിന്റെയും 40% സംസ്ഥാനത്തിന്റെയും വിഹിതമാണ്.

നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നതിനായി കാര്യവട്ടത്ത് യു.ജി സ്റ്റഡീസ് ഡയറക്ടറേറ്റ് സ്ഥാപിക്കാനാണ് 50 കോടിയുടെ പദ്ധതി. എല്ലാ പഠന വകുപ്പുകളെയും ഏകോപിപ്പിക്കാനും കോഴ്സുകൾ നടത്താനുമുള്ള ചുമതലയാണ് ഡയറക്ടറേറ്റിന്. 15വകുപ്പുകളിൽ നാലുവർഷ കോഴ്സുകൾ തുടങ്ങാൻ ക്ലാസ് മുറികളും ഹോസ്റ്റലുകളും നിർമ്മിക്കണം. മേൽനോട്ടത്തിന് ഡയറക്ടറുമുണ്ടാവും.

കാര്യവട്ടം ക്യാമ്പസിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനാണ് ശേഷിക്കുന്ന 50 കോടിയുടെ പദ്ധതി. പഠന വകുപ്പുകളിൽ ലാബ്, ലൈബ്രറി, സെമിനാർ ഹാൾ, ക്ലാസ്‌മുറി സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഇതിനുപുറമേ കുട്ടികളിൽ കായികക്ഷമത മെച്ചപ്പെടുത്താൻ കാര്യവട്ടത്ത് ഫിസിക്കൽ ഫിറ്റ്‌നസ് ഹബിനും പദ്ധതിയുണ്ട്. ജിംനേഷ്യം അടക്കം സൗകര്യങ്ങളുണ്ടാക്കും. ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പായിരിക്കും ഇവ സജ്ജമാക്കുക. പദ്ധതികൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ അടുത്ത വർഷം മുതൽ ഗഡുക്കളായി ധനസഹായം ലഭിക്കും. സംസ്ഥാനത്ത് നിലവിൽ 161 സ്ഥാപനങ്ങളിൽ കേന്ദ്രസഹായത്തോടെ ക്ലാസ്‌മുറികൾ, ലൈബ്രറികൾ, ലാബുകൾ, ഹോസ്റ്റലുകൾ എന്നിവ നിർമ്മിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ 20- 50 കോടിയായിരുന്ന സർവകലാശാലകൾക്കുള്ള വിഹിതം ഇക്കൊല്ലം മുതൽ 100 കോടി രൂപയാക്കിയിട്ടുണ്ട്.


ലക്ഷ്യം വികസനം,

അടിസ്ഥാനസൗകര്യവികസനം, ഗുണനിലവാരമുയർത്തൽ എന്നിവയ്ക്കാണ് പി.എം-ഉഷയുടെ സഹായം

വാഴ്സിറ്റികൾ, ഗവ.-എയ്ഡഡ് കോളേജുകൾ എന്നിവയ്ക്ക് അദ്ധ്യാപക പരിശീലനം, ഗവേഷണം എന്നിവയ്ക്ക് കിട്ടും