
തിരുവനന്തപുരം: കളരിത്തറയിലെ കതിർമണ്ഡപത്തിലേക്ക് ചുവട് വയ്‌ക്കുമ്പോൾ ഒരുമിച്ച് പയറ്റിയ അഭ്യാസമുറകളാകും രാഹുലിനും ശില്പകൃഷ്ണയ്‌ക്കും കൂട്ടായെത്തുക. ആശംസയേകാൻ അടുത്ത ബന്ധുക്കളും നേമത്തെ 'അഗസ്ത്യം" കളരിത്തറയിലെ കൂട്ടുകാരും. കൊട്ടും കുഴൽ വിളിയുമില്ലാത്ത കല്യാണമേളത്തിനുള്ള ഒരുക്കത്തിലാണ് 'അഗസ്ത്യം".
കളരിയിലെ കുരുന്നുകൾ ചുവടുവച്ച് വച്ച് വാളും പരിചയുമേന്തിയാകും കച്ചകെട്ടിയെത്തുന്ന രാഹുൽ സുരേഷിനെ (25) ആനയിക്കുക. നാണം കുണുങ്ങാതെ, പൂവും പുടവയുമില്ലാതെ കളരിയിലെ കതിർമണ്ഡപത്തിൽ വധു ശില്പകൃഷ്ണ (24) കാത്തിരിക്കും. 28ന് ഉച്ചയ്‌ക്ക് 12നും 12.45നും ഇടയ്‌ക്കാണ് മുഹൂർത്തം. അച്ഛൻ ജയകുമാർ ശില്പയുടെ കൈപിടിച്ച് രാഹുലിന് കൊടുക്കുന്നതോടെ 'കളരിക്കല്ല്യാണത്തിന്" അഗസ്ത്യം സാക്ഷിയാകും.
പന്ത്രണ്ടാം വയസിൽ കളരിയിലെത്തിയപ്പോഴാണ് നരുവാംമൂട് സ്വദേശിയായ രാഹുൽ ഊക്കോട് സ്വദേശി ശില്പയെ കാണുന്നത്. പിന്നെ പരിശീലനവും ഒരുമിച്ചായി. സെക്രട്ടേറിയറ്റിലെ ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് രാഹുലും, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് ശേഷം ശില്പയും പൂർണമായി കളരിയിലേക്കെത്തി. രാഹുൽ ആശാനും ശില്പ ശിക്ഷകയും ആയതോടെ സൗഹൃദം ദൃഢമായി. എന്നാൽ ഇരുവരെയും ഒന്നിപ്പിച്ചത് വീട്ടുകാരായിരുന്നു. പരസ്പരം മനസിലാക്കി മുന്നോട്ടുപോകുമെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും സമ്മതം മൂളി. ചടങ്ങിന് ശേഷം കളരിക്ക് പുറത്ത് സദ്യയൊരുക്കും. ശില്പ അധികം ആഭരണങ്ങളണിയില്ല. രാഹുൽ കല്ലുവച്ച മാലയും കൈയിൽ രുദ്രാക്ഷവുമണിയും.
ശില്പ ഡബിൾ ഉറുമി ട്രെയിനർ
ശില്പ ഇരുകൈകളിലും ഒരേസമയം ഉറുമി വീശുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വയറലാണ്. ഈ വിദ്യ ശില്പയെ പഠിപ്പിച്ചതും രാഹുലാണ്. സേവ് ദി ഡേറ്റിനായുള്ള ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കുമുള്ള പ്രമേയവും കളരി തന്നെ. ഇരുവരുടെയും അമ്മമാരും കളരി അഭ്യസിക്കുന്നുണ്ട്. രാഹുലിന്റെ അച്ഛൻ: സുരേഷ് കുമാർ, അമ്മ: ജയശ്രീ. ബീനയാണ് ശില്പയുടെ അമ്മ.
'കളരിയാണ് ഞങ്ങളുടെ ജീവിതം. അതിനാൽ കല്യാണവും അവിടെ മതിയെന്ന് തീരുമാനിച്ചു. മഹേഷ് ഗുരുക്കൾ അനുവദിച്ചതോടെ ആത്മവിശ്വാസമായി".
- രാഹുൽ
'128 വർഷത്തെ ചരിത്രമുള്ള അഗസ്ത്യം കളരിയിൽ ഇങ്ങനൊരു ചടങ്ങ് നടക്കുന്നതിൽ സന്തോഷമുണ്ട്".
- മഹേഷ് ഗുരുക്കൾ