
രണ്ട് പ്രധാനപ്പെട്ട ബില്ലുകൾ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയിരിക്കുന്നു. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പീരിയോഡിക്കൽസ് ബില്ലും തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രത്തിനു നിയന്ത്രണമുള്ള മൂന്നംഗ സമിതി രൂപീകരിക്കാൻ അധികാരം നൽകുന്ന ബില്ലുമാണ് പാസാക്കിയത്. പത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴുള്ള വ്യവസ്ഥകൾ ഇളവു ചെയ്യാനാണ് 1867-ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് ബുക്‌സ് ആക്ടിനു പകരം പുതിയ നിയമമെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. പുതിയ പ്രസിദ്ധീകരണത്തിന്റെ രജിസ്ട്രേഷന് എട്ട് ഘട്ടങ്ങൾ പിന്നിടേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, ഒറ്റ ക്ളിക്കിൽ രജിസ്ട്രേഷൻ ലഭ്യമാക്കാനാവുമെന്നാണ് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞത്. അതേസമയം പ്രസ് രജിസ്ട്രാർക്ക് പത്ര സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്താൻ പാകത്തിലുള്ള വകുപ്പുകൾ നിയമത്തിലുണ്ടെന്നും ഇതിലൂടെ പത്രങ്ങളെ നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രജിസ്ട്രാർക്കോ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്ന അതോറിട്ടിക്കോ പത്രങ്ങളിൽ റെയ്ഡ് നടത്താമെന്നും രേഖകൾ പരിശോധിക്കാമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
സ്വതന്ത്രമായ പത്രപ്രവർത്തനം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതിന്റെ അർത്ഥം പത്രങ്ങൾക്കു മേൽ യാതൊരു നിയന്ത്രണവും പാടില്ലെന്നല്ല. ഉത്തരവാദപ്പെട്ട ഭൂരിപക്ഷം പത്രങ്ങളും സ്വയം നിയന്ത്രണം പാലിച്ചാണ് പ്രവർത്തിക്കുന്നത്. പത്രങ്ങളിൽ ഭരണകക്ഷിക്ക് അനുകൂലമായും പ്രതികൂലമായും വാർത്തകൾ വരും. ഓരോ പത്രത്തിന്റെയും നയപരമായ നിലപാടിനനുസരിച്ച് അതിന്റെ പ്രാധാന്യത്തിലും അവതരണത്തിലും വ്യത്യാസമുണ്ടാകാം. നിഷ്‌പക്ഷത പുലർത്തുന്ന ഒരു പത്രവും വസ്‌തുതകൾ വളച്ചൊടിക്കാറില്ല. പത്രങ്ങളുടെ ഭാഗത്തുനിന്നുള്ള വിമർശനം സ്വതന്ത്ര ഭാരതത്തിൽ ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ ഒട്ടേറെ തിരുത്തലുകൾ വരുത്താൻ ഭരണാധികാരികളെ പ്രേരിപ്പിച്ചിട്ടുണ്ട്. പത്രങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. ആ നിലയ്ക്കു വേണം സർക്കാരും പത്രങ്ങളും തമ്മിലുള്ള ബന്ധം നിലനിൽക്കാൻ. അതിന് ഭംഗമുണ്ടാക്കുന്ന വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആശ്വാസകരമല്ല.
ഉദാഹരണത്തിന്, പത്രസ്ഥാപനത്തിൽ ഏതു സമയത്തും കടന്നുചെല്ലാം; പത്രത്തിന്റെ ഉടമയെ ചോദ്യം ചെയ്യാം തുടങ്ങിയ വ്യവസ്ഥകൾ ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതല്ലേ എന്ന സംശയം നിലനിൽക്കുന്നു. വിമർശിക്കുന്നവർക്കു മാത്രം എതിരെ നിയമം ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ അത് ഏർപ്പെടുത്തിയവർക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടാൻ അതും കാരണമായി. ശരിയായ കാര്യങ്ങൾ പത്രങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ പ്രചരിച്ച കിംവദന്തികളെല്ലാം ജനങ്ങൾ വിശ്വസിക്കാനും ഇടയാക്കി. ഇതാണ് വലിയ തിരിച്ചടിക്ക് ഇടയാക്കിയത്. അനാവശ്യ നിയന്ത്രണം പത്രങ്ങൾക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ അത് തിരിച്ചടിക്കുക തന്നെ ചെയ്യും.
അതേസമയം പത്രങ്ങൾ, ന്യൂസ്‌പ്രിന്റിന്റെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയും സർക്കാർ പരസ്യനിരക്ക് ഉയർത്തിയും പത്രങ്ങളെ സഹായിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പത്രങ്ങൾക്കും അവകാശമില്ല. അങ്ങനെ വന്നാൽ ശക്തമായ തെളിവിന്റെ പിൻബലത്തോടെ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടതും ആവശ്യമാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയതോടെ പൂർണമായും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇനി കേന്ദ്രത്തിന് വിധേയമാകും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നിഷ്‌പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. അതിന്റെ നിയമന രീതിയിൽ വന്ന മാറ്റം കമ്മിഷന്റെ തീരുമാനങ്ങളിലും പ്രവർത്തനത്തിലും പ്രതിഫലിക്കുമോ എന്ന സംശയം പ്രതിപക്ഷ പാർട്ടികൾക്ക് തോന്നിയാൽ അവരെ കുറ്റം പറയാനാകില്ല.