
മലയിൻകീഴ്: നവകേരള സദസിനെതിരായ പ്രതിപക്ഷ നീക്കം നാടിനെതിരായ നീക്കമാണെന്നും നവകേരള സദസിന് ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാട്ടാക്കടയിലെ നവകേരള സദസിന് മുന്നോടിയായി തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിൽ ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരത്തെ അക്രമങ്ങൾ അസ്വസ്ഥതയുടെ പ്രതിഫലനമാണ്.അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണം.
നവകേരള സദസിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചു.നവകേരളസദസ് ബസിന് നേരെ ചാടിയും ഷൂസ് എറിഞ്ഞും പ്രതിഷേധിച്ചവർ ഇപ്പോൾ മുളകുപൊടിയും ഗോലിയുമാണ് പൊലീസിനെതിരെ ഉപയോഗിച്ചത്. ലോകമാകെ ആദരിക്കുന്ന ഇ.എം.എസിനെ ഗുണ്ടയെന്നു കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കോൺഗ്രസ് നേതൃത്വം അങ്ങനെയായിപോയി.നവകേരള സദസിലേത്തുന്ന ജനങ്ങളുടെ ഒഴുക്ക് അത് ബഹിഷ്ക്കരിച്ചവർക്ക് വലിയ തിരിച്ചടിയായി.
നവകേരളസദസിനെതിരായ പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസിൽ കോൺഗ്രസുകാർപോലും പങ്കെടുക്കുന്നില്ല.നവകേരള സദസും കുറ്റ വിചാരണ സദസും കടലും കടലാടിയും പോലെയാണ്. യൂത്ത് കോൺഗ്രസ് നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിൽ അക്രമം കാട്ടിയതിനെ മുഖ്യമന്ത്രി വിമർശിച്ചു.നവകേരള സദസ് അവസാനിക്കുന്നതോടെ കേരള വികസനത്തിന്റെ പൂർണരൂപം കിട്ടും. ഇന്ത്യാ സ്കിൽസ് റിപ്പോർട്ടിൽ
കേരളമാണ് ഒന്നാമത്.രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടാം സ്ഥാനത്തും തിരുവനന്തപുരം നാലാം സ്ഥാനത്തുമാണ്.തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്.കമ്പ്യൂട്ടർ സ്കിൽസിൽ കേരളം മൂന്നാം സ്ഥാനത്താണ്.ഐ.ടി.മേഖലയിലെ വളർച്ചയാണ് ഈ നേട്ടം കാണിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ ആന്റണിരാജു, കെ.രാധാകൃഷ്ണൻ, ജി.ആർ.അനിൽ, വീണജോർജ്, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ,വി.ശിവൻകുട്ടി,സജിചെറിയാൻ എന്നിവരും പങ്കെടുത്തു.
റിയാസിന് മൂക്കാതെ പഴുത്തതിന്റെ കുഴപ്പം: സതീശൻ
മന്ത്രി മുഹമ്മദ് റിയാസിന് മൂക്കാതെ പഴുത്തതിന്റെ കുഴപ്പ മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരിഹാസം. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ സൂപ്പർ മുഖ്യമന്ത്രി ചമഞ്ഞ് ഇങ്ങോട്ടു വരേണ്ട. പ്രതിപക്ഷ നേതാവിന് സമരം ചെയ്ത് പരിചയമില്ലെന്ന റിയാസിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ. പ്രതിപക്ഷ നേതാവിന്റെ സ്വാധീനത്തെ കുറിച്ച് അളക്കേണ്ട. കേരളത്തിലെ റോഡുകളിലെ കുഴി എത്രയെന്ന് മരാമത്ത് മന്ത്രി എണ്ണിയാൽ മതി.
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല
കുട്ടികളെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നവകേരള സദസ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷമുണ്ട്. കുട്ടികളെ ആക്രമിക്കാൻ മുഖ്യമന്ത്രി അഹ്വാനം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. പൂരം പ്രദർശനത്തിന്റെ തറവാടക വർദ്ധിപ്പിക്കാനുള്ള നീക്കം ജനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.