#ഖജനാവിൽ മൊത്തം 4500 കോടി
# മാർച്ചുവരെ ആവശ്യം 30,000 കോടി
# കൂടുതൽ കേന്ദ്ര ഇളവ് അനിവാര്യം
തിരുവനന്തപുരം: അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ അനുവദിച്ച 1404.50 കോടി നികുതി വിഹിതവും 1100 കോടിയുടെ വായ്പാ അനുമതിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമായി.
ഡിസംബർ 19ന് വായ്പയായി കിട്ടിയ 2000കോടിയും ചേർത്ത് ക്രിസ്മസ്- പുതുവൽസര വേളയിൽ 4500 കോടിയാണ് ഖജനാവിലെത്തുന്നത്. ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനും ക്രിസ്മസ് -പുതുവൽസര വിപണിയിടപെടലിനും അത്യാവശ്യ വികസന പദ്ധതികൾക്കും തുക വിനിയോഗിക്കാൻ കഴിയും.
നികുതി വിഹിതമായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി അനുവദിച്ചത് 72,961.21 കോടിയാണ്. 13000 കോടിയിലേറെ ലഭിച്ച യു.പിക്കാണ് ഏറ്റവും കൂടിയ വിഹിതം.
അതേസമയം, പദ്ധതി വിഹിതങ്ങളുടെ കുടിശികയും കടമെടുപ്പ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകളും കേന്ദ്രം അനുവദിച്ചില്ലെങ്കിൽ, സാമ്പത്തികവർഷത്തിന്റെ അവസാന മാസങ്ങളായ ജനുവരി മുതൽ മാർച്ച് വരെ കേരളം കടുത്ത പ്രതിസന്ധിയിലാകും. ജനുവരിയിലെ തുകയാണ് ഇപ്പോൾ നൽകിയ 1404 കോടി.
കിഫ്ബിയും പെൻഷൻ ഫണ്ടും എടുത്ത വായ്പയിൽ നിന്ന് 3,140.7 കോടിരൂപ സർക്കാരിന്റെ കടമായി മാറ്റാനുള്ള തീരുമാനം ഒരുവർഷത്തേക്ക് ബാധകമാക്കില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതോടെ ജനുവരി-മാർച്ച് കാലയളവിലെ ചെലവുകൾക്കായി കേരളത്തിന് അധികമായി 3,000 കോടിയോളം രൂപ കടമെടുക്കാം. ഈ മാസങ്ങളിലെ ചെലവുകൾക്കായി 30,000 കോടിരൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.
ജനുവരി-മാർച്ചിലെ ദൈനംദിന ചെലവിന് പണം കണ്ടെത്താൻ വായ്പാപരിധിയിൽ ജി.എസ്.ഡി.പി.യുടെ ഒരു ശതമാനം വർദ്ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മൂന്ന് ശതമാനമാണ് നിലവിലെ പരിധി. കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
നടപ്പു വർഷത്തെ മൊത്തം
വായ്പാ അനുമതി:
36,940 കോടിരൂപ
കിഫ്ബി, പെൻഷൻഫണ്ട്
വായ്പയും കടപരിധിയിൽ
വന്നതോടെ ശേഷിക്കുന്നത്
26,931 കോടി
ഏപ്രിൽ-ഡിസംബർ വരെ
കടമെടുത്തത്
21,800 കോടി
2024ജനു. മുതൽ
മാർച്ചുവരെ
എടുക്കാവുന്ന വായ്പ
5,131കോടി
ഇതിൽ മുൻകൂറായി
ഈ മാസം എടുത്തത്:
2,000കോടി
ഉടൻ എടുക്കുന്നത്
1,100 കോടി
ശേഷിക്കുന്ന തുക
2031 കോടി
കിഫ്ബിവായ്പ തല്ക്കാലം
ഒഴിവാക്കിയതോടെ
അധിക വായ്പ
3,140.7 കോടി
വൈദ്യുതി നവീകരണ
ഉപാധിയിലൂടെ അധികവായ്പ
5500കോടി
ഇനി മൊത്തം
എടുക്കാവുന്ന വായ്പ
10671.7 കോടി