1

വിഴിഞ്ഞം: കേരള സർവകലാശാലയിലെ പുരാവസ്‌തു വകുപ്പിന്റെ ഗവേഷണ പ്രോജക്ടിന് ചൈനയിലെ ഷാങ്ഹായ് ആർക്കിയോളജി ഫോറത്തിന്റെ ഫീൽഡ് ഡിസ്‌കവറി പുരസ്‌കാരം. കാര്യവട്ടം ക്യാമ്പസിലെ പുരാവസ്തു വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. എസ്.വി. രാജേഷ്, ഡോ. ജി.എസ്. അഭയൻ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലാണ് പുരസ്‌കാരത്തിന് അർഹമായത്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 131 പേരിൽ നിന്ന് തിരഞ്ഞെടുത്ത ഒമ്പതു പേർക്കാണ് പുരസ്‌കാരം ലഭിച്ചത്. ഷാങ്ഹായിൽ ചൈനീസ് അക്കാഡമി ഒഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച അഞ്ചാമത് ഷാങ്ഹായ് ആർക്കിയോളജി ഫോറത്തിൽ വച്ച് ഡോ. രാജേഷ് പുരസ്‌കാരം ഏറ്റുവാങ്ങി. 2019നും 2022 നുമിടയിൽ ലോകത്തുണ്ടായ ഒമ്പത് പ്രധാന കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടു. ഗുജറാത്തിലെ കച്ച് ജില്ലയിൽ കണ്ടെത്തിയ ജുന ഖട്ടിയയാണ് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത പുരാവസ്തു പദ്ധതി.

 സിന്ധുനദീതട സംസ്കാരത്തിന്റെ ശ്മശാനം

സിന്ധുനദീതട സംസ്കാരത്തിന്റെ ആദ്യകാലഘട്ടത്തിലെ (ബിസി 3200-2600) വലിയ ശ്മശാനമാണ് ജുന ഖട്ടിയ. 16 ഹെക്ടറിലായി 500ലധികം ശവകല്ലറകളാണ് അന്വേണസംഘം കണ്ടെത്തിയത്. ഡോ. രാജേഷ്, ഡോ. അഭയൻ എന്നിവ‌രെ കൂടാതെ പുരാവസ്തു വകുപ്പിലെ വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നു. 2016ലാണ് കേരള സർവകലാശാല ഇവിടം കണ്ടെത്തിയത്. ജുനഖട്ടിയയിൽ കണ്ടെത്തിയ 197 ശവകല്ലറകളിൽ ശംഖിലെ വളകളുടെ കൂട്ടം, മുത്ത്, മൺപാത്രങ്ങൾ, അസ്ഥികൂടം തുടങ്ങിയവയുമുണ്ടായിരുന്നു. ഹാരപ്പൻ ഘട്ടത്തിൽ തെക്കൻ ബലൂചിസ്ഥാനിലുണ്ടായിരുന്നതിന് സമാനമായ ഒന്നു മുതൽ 60 വരെ മൺപാത്രങ്ങളാണ് ഓരോകല്ലറയിൽ നിന്നും കണ്ടെത്തിയത്. ഇവിടത്തെ ശവക്കല്ലറകൾ നിർമ്മിച്ച കല്ലുകൾ ആറ് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചതാണെന്ന് കണ്ടെത്തി.