
താനൂർ: താനൂർ മൂലക്കലിൽ വേർപിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയുടെയും ഭാര്യയുടെ മാതാപിതാക്കളുടെയും നേരെയുള്ള യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഭാര്യ മാതാവ് മരണത്തിന് കീഴടങ്ങി. താനൂർ മൂലക്കൽ പണ്ടാരവളപ്പ് മുത്തംപറമ്പിൽ ജയയാണ്(50) വ്യാഴാഴ്ച വൈകിട്ട് നാലരയോടെ മെഡിക്കൽ കോളേജിൽ മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരെ അക്രമിച്ച ശേഷം പൊലീസിൽ കീഴടങ്ങിയ കെ പുരം പൊന്നാട്ടിൽ പ്രദീപ് (38) റിമാൻഡിലാണ്. തിങ്കളാഴ്ച രാത്രി ഏഴോടെ മൂലക്കൽ ചേന്ദംകുളങ്ങരറോഡിൽ വച്ച് ഭാര്യയായ രേഷ്മയേയും(30) ഭാര്യാപിതാവ് വേണുവിനെയും (55) കൈയിൽ കരുതിയ ഇരുമ്പുവടിയുമായി ആക്രമിച്ച ശേഷമാണ് ഇയാൾ തൊട്ടടുത്തുള്ള ഭാര്യാവീട്ടിലെത്തി ഭാര്യാമാതാവായ ജയയെ ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് രക്തമൊലിപ്പിച്ച നിലയിൽ ജയയെ കണ്ടെത്തിയത്. ഉടൻ ഇവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ രേഷ്മ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുകയാണ്. രേഷ്മയുടെ പിതാവ് വേണുവിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതി പ്രദീപിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി എസ്.ഐ ജലീൽ കറുത്തേടത്ത് അറിയിച്ചു. ജയ പൊതുപ്രവർത്തകയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്നു. രഞ്ജിത് മകനാണ്.