
ചാരുംമൂട് : പിക്ക് അപ്പ് വാനിൽ കടത്തുകയായിരുന്ന 40 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്ത കേസിൽ മൂന്നു പേരെ നൂറനാട് പൊലീസ് അറസ്റ്റ്ചെയ്തു.
വാഹന ഉടമ മലപ്പുറം വെളിയൻകോട് അണ്ടിപാട്ടിൽ ഹൗസിൽ മുഹമ്മദ് ബഷീർ (40), ഡ്രൈവർ മലപ്പുറം
അയ്യോട്ടിച്ചിറ ചെറുവളപ്പിൽ വീട്ടിൽ അബ്ദുൾ റാസിഖ് (32), വാഹനത്തിലുണ്ടായിരുന്ന മലപ്പുറം
വെളിയൻകോട് കുറ്റിയാടി വീട്ടിൽ റിയാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 13ന് പുലർച്ചെ ഒരു മണിയോടെ കായംകുളം - പുനലൂർ റോഡിൽ കറ്റാനത്തിനു സമീപം വച്ച് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ സ്ക്വാഡ് കൈകാണിച്ചിട്ട് നിർത്താതെപോയ വാൻ പിന്നീട് നൂറനാട് പൊലീസ് പിടികൂടിയപ്പോൾ വാനിലുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെട്ടു. വാഹനം പരിശോധിച്ചപ്പോൾ 40ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് 30 ലക്ഷത്തോളം രൂപ വിലവരും. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
സി.ഐ പി.ശ്രീജിത്ത്, എസ്.ഐമാരായ നിധീഷ്, ഗോപാലകൃഷ്ണൻ എ.എസ്.ഐമാരായ സിബി, ബാബുക്കുട്ടൻ
സി.പി.ഒമാരായ ബിജുരാജ്,ശരത്, ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.