
ആറ്റിങ്ങൽ: ശിവഗിരി ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധിയുടെ രൂപത്തിൽ നിർമ്മിച്ച കേക്ക് ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ മോഡേൺ ബേക്കറിയാണ് വ്യത്യസ്തമായ കേക്ക് നിർമ്മിച്ച് ബേക്കറിയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ആറരയടി ഉയരത്തിൽ നിർമ്മിച്ച കേക്കിന് 350 കിലോയോളം ഭാരം വരും. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.വി. ബാബുവാണ് 15 ദിവസം കൊണ്ടു കേക്ക് നിർമ്മിച്ചത്. മുൻ വർഷങ്ങളിലും വ്യത്യസ്ത കേക്ക് നിർമ്മിച്ച് ബാബു ജനശ്രദ്ധ നേടിയിട്ടുണ്ട്. എറണാകുളത്തെ ഹൈക്കോടതി മന്ദിരം, നിയമസഭാ മന്ദിരം, മെട്രോ ട്രെയിൻ, കണ്ണൂർ എയർപോർട്ട്, തമ്പാന്നൂർ ബസ് ടെർമിനൽ, താജ്മഹൽ അങ്ങനെ തുടരുന്നു മുൻ കാലങ്ങളിലെ കേക്ക് നിർമ്മാണം. എല്ലാവർഷവും പുതുവത്സരത്തിന് മുൻപ് കേക്ക് തയാറാക്കുന്നതിനാൽ അത് കാണാൻ ബേക്കറിയിൽ വൻ തിരക്കുമാണ്.