mv-govindan

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇത്തരം കോപ്രായങ്ങൾ കൊണ്ടൊന്നും നവകേരള സദസിനെ പ്രതിരോധിക്കാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ വന്നതു മുതൽ യു.ഡി.എഫിനും ബി.ജെപിക്കും വിറളി പിടിച്ചിരിക്കയാണ്. ഭരണകൂടത്തെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. പൊലീസിനെ ആക്രമിക്കുകയും കസ്റ്രഡിയിലെടുക്കുന്നവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. അക്രമം തുടരുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കും. തല്ലുമെന്നാണ് സതീശനും കെ.സുധാകരനും പറയുന്നത്. അടിയും തടയുമാണ് നടക്കുന്നത്. അപ്പോൾ തല്ലു കൊള്ളുന്നവർ സഹിക്കേണ്ടിവരും. എവിടെ വരെയാണ് ഈ തല്ല് ഉദ്ദേശിക്കുന്നതെന്ന് പറയേണ്ടത് പ്രതിപക്ഷ നേതാവാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജയിച്ച പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസുകാർ തല്ലാനിറങ്ങിയിരിക്കുന്നത്.

കേന്ദ്ര സാമ്പത്തിക ഉപരോധമടക്കമുള്ള കാര്യങ്ങളാണ് നവകേരള സദസിൽ അവതരിപ്പിക്കുന്നത്. അർഹമായത് തരുന്നില്ലെന്ന് ജനങ്ങൾക്ക് മനസിലായതിന്റെ തെളിവാണ് നവകേരള സദസിലേക്കുള്ള ഒഴുക്ക്.

ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ എല്ലാ പരിധിയും ലഘിച്ചു. സർവകലാശാലകളുടെ ചാൻസലർമാരായി വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാൻ നിയമസഭ പാസാക്കിയ ബിൽ ഗവർണർ രാഷ്ട്രപതിയുടെ മുന്നിലെത്തിച്ചിരിക്കയാണ്. അതേ ഗവർണർ തന്നെയാണ് പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അധികാരം പ്രയോഗിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്.

രാജ് ഭവൻ മാർച്ച് 26 ന്

പാർലമെന്റിൽ എം.പിമാരെ പുറത്താക്കുന്ന ഫാസിസ്റ്ര് നടപടിക്കെതിരെ ഡിസംബർ 26 ന് രാജ്‌ഭവൻ മാർച്ചും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കും. കേന്ദ്രത്തിന്റെ ഈ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.