
തിരുവനന്തപുരം:2024ലെ ഓസ്‌കർ പുരസ്‌കാര ഷോർട്ട് ലിസ്റ്റിൽ ഇടം നേടാതെ മലയാള ചിത്രം '2018'. മികച്ച വിദേശ സിനിമ വിഭാഗത്തിൽ മത്സരിക്കാൻ, അക്കാഡമി അംഗങ്ങൾ വോട്ടിട്ട് തിരഞ്ഞെടുക്കുന്ന 15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടണമായിരുന്നു. ഈ വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഭൂട്ടാന്റെ 'ദി മങ്ക് ആൻഡ് ദി ഗണ്ണും' ജപ്പാന്റെ 'പെർഫെക്ട് ഡേയ്സും' മാത്രം.
നെറ്റ്ഫ്ളിക്സിന്റെ അടക്കം 87 ചിത്രങ്ങൾക്കൊപ്പമാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത
'2018 – എവരിവൺ ഈസ് ഹീറോ' മത്സരിച്ചത്.
ജാർഖണ്ഡ് കൂട്ടബലാൽസംഗം ആസ്പദമാക്കി നിഷ പഹുജ നിർമിച്ച ഡോക്യുമെന്ററി 'ടു കിൽ എ ടൈഗർ' രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വിഷ്വൽ ഇഫക്ട് വിഭാഗത്തിൽ ക്രിസ്റ്റഫർ നോളൻ ചിത്രം 'ഒാപ്പൻഹൈമറും' പിന്തള്ളപ്പെട്ടു. സ്വതന്ത്ര എൻട്രിയായി മത്സരിച്ച തെലുങ്ക് ചിത്രം 'ട്വൽത്ത് ഫെയിലും' പുറത്തായി.
സ്‌പെയിനിന്റെ നെറ്റ്ഫ്ളിക്സ് ചിത്രം 'സൊസൈറ്റി ഓഫ് ദി സ്‌നോ'യും മൊറോക്കോയുടെ 'മദർ ഓഫ് ഓൾ ലൈസു'മാണ് സാദ്ധ്യതയിൽ മുന്നിൽ. മേക്കപ്പ്, സൗണ്ട്, വിഷ്വൽ ഇഫക്ട്സ്, തുടങ്ങി 10 വിഭാഗങ്ങളിലാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വർഷവും മഹാപ്രളയവും നേർക്കാഴ്ച പോലെ അവതരിപ്പിച്ച 2018ൽ മലയാളികളുടെ മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയുമാണ് അവതരിപ്പിച്ചത്. 30 കോടി മുടക്കിയ ചിത്രം ബോക്സ്ഓഫീസിൽ 200 കോടി വരുമാനം നേടി. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയും നേടിയിരുന്നു.