നെടുമങ്ങാട്: കരമനയാറിന്റെ തീരഭൂമിയിൽ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന് ഹൃദയാർച്ചനയായി നവകേരള സദസ്. “ജാതിഭേദം മതദ്വേഷം,ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”- എന്ന ഗുരുദേവ സന്ദേശം ഉദ്ധരിച്ച് അരുവിക്കര നിയോജക മണ്ഡലം സദസ് ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ മഹാഗുരുവിന്റെ ആഹ്വാനമാണ് ഭേദചിന്തകളില്ലാതെ ജനലക്ഷങ്ങൾ അണിനിരക്കുന്ന നവകേരള സദസുകളിൽ നിറവേറുന്നതെന്ന് പ്രഖ്യാപിച്ചു.
ആര്യനാട് വില്ലാ നസ്രത്ത് സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വേദിയിലേക്ക് ഉച്ചവെയിലിന്റെ തീവ്രത വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി. മുഖ്യമന്ത്രി രാവിലെ 11നെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒന്നര മണിക്കൂർ വൈകി. ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷ പ്രസംഗവും മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ, പി.പ്രസാദ് എന്നിവരുടെ പ്രഭാഷണവും കഴിഞ്ഞാണ് മന്ത്രിസഭ സഞ്ചരിക്കുന്ന ബസ് കടന്നുവന്നത്. മുദ്രാവാക്യങ്ങളുമായി ജനം ഓടിക്കൂടി.
മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോൾ കതിനകൾ പൊട്ടി. കൈവീശി അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങിയ മുഖ്യമന്ത്രിയെ ചെണ്ടമേളസംഘം ആനയിച്ചു. വി.ശിവൻകുട്ടി, ജി.ആർ.അനിൽ,കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ മറ്റു മന്ത്രിമാർ അനുഗമിച്ചു. പുസ്‌തകങ്ങളും പൂക്കളും നൽകി കുടുംബശ്രീ,ഹരിതകർമ്മ സേനാംഗങ്ങൾ ഊഷ്മളമായ വരവേല്പ് നൽകി.
മൂപ്പന്മാരുടെ വകയായി
തലപ്പാവും അമ്പും വില്ലും
മുഖ്യമന്ത്രിയെ പരമ്പരാഗത തലപ്പാവ് അണിയിച്ചും അമ്പും വില്ലും സമ്മാനിച്ചും ആദിവാസി ഊരു മൂപ്പന്മാരുടെ സ്വീകരണം. 11 ഊരുകളിലെ മൂപ്പന്മാരാണ് വേദിയിലെത്തിയത്. കരിമ്പിൻകാല സെറ്റിൽമെന്റ് മൂപ്പൻ സദാനന്ദൻ കാണി മുഖ്യമന്ത്രിയെ തലപ്പ് അണിയിച്ചു. പട്ടൻകുളിച്ച പാറ ഊരുമൂപ്പൻ ഗണേശൻ അമ്പും വില്ലും കൈമാറി. തേവിയാരുകുന്ന് മൂപ്പൻ വത്സലക്കാണി മുളന്തേനാണ് സമ്മാനിച്ചത്. മണിത്തുക്കി,മുക്കോത്തി വയൽ,ചോടുപാറ,പട്ടാണിപ്പാറ, മണ്ണാത്തിക്കുഴി,വലിയകാല ഊരു മൂപ്പന്മാരും പങ്കെടുത്തു.
ഞങ്ങൾ കൂടെയുണ്ടെന്ന്
ജനങ്ങളുടെ ഉറപ്പ്: മുഖ്യമന്ത്രി
നിങ്ങൾ സധൈര്യം മുന്നോട്ടുപോകൂ, ഞങ്ങൾ കൂടെയുണ്ടെന്ന ഉറപ്പാണ് നവകേരള സദസുകളിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരുവിക്കര മണ്ഡലം സദസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവഗിരിയുടെ മണ്ണിൽ നിന്നാണ് തലസ്ഥാനത്തെ യാത്ര ആരംഭിച്ചത്. നമ്മുടെ നാടിനെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തത് യുഗപ്രഭാവനായ ഗുരുദേവന്റെ ഇടപെടലാണ്. ഗുരുദേവ ദർശനങ്ങളും ആഹ്വാനങ്ങളും ഈ മണ്ണിൽ നിന്നാണ് ഉയർന്നത്. ആരെയും എതിർക്കാനല്ല, ആരോടും പക പോക്കാനുമല്ല....ഒരുമയ്ക്കും വികസനത്തിനും തടസം നിൽക്കുന്നവരോട് അതു തിരുത്തണമെന്ന് കേരളം ഒരേമനസോടെ ആവശ്യപ്പെടുകയാണ് നവകേരള സദസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.