
തിരുവനന്തപുരം: വസ്‌ത്രം വലിച്ചുകീറി പൊലീസ് എന്നെ പൊതുമദ്ധ്യത്തിൽ അപമാനിക്കുന്നത് ഇതാദ്യമല്ല. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് വസ്ത്രംവലിച്ചുകീറി അപമാനിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഷിബിനയുടെ വാക്കുകളിൽ അമർഷവും വേദനയും.
അവർ ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്നത് മനഃപൂർവമാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ മാർച്ച് 27ന് കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റോഫീസ് മാർച്ചിൽ നെഞ്ചിൽ നിന്ന് ടോപ്പിന്റെ മുൻഭാഗം നീളത്തിൽ വലിച്ചുകീറി എന്നെ അപമാനിച്ചപ്പോൾ ചുറ്രുംനിന്ന് മാനംരക്ഷിച്ചത് വനിതാസുഹൃത്തുക്കളാണ്. സഹപ്രവർത്തകർ ഇടപെട്ടതുകൊണ്ടാണ് ആ വിഷ്വലുകൾ പുറത്തുവരാതിരുന്നത്.
ഇപ്പോഴും ആസൂത്രിതമായാണ് അവർ അപമാനിച്ചത്. അന്ന് വനിതാ പൊലീസാണ് അപമാനിച്ചതെങ്കിൽ ഈ സമരത്തിൽ എന്റെ ടോപ്പിന്റെ ഒരു കൈ വലിച്ചുകീറിയത് പുരുഷപൊലീസാണ്. സ്‌ത്രീകളെ ഇത്തരത്തിൽ അപമാനിക്കാൻ പൊലീസിനെ ഇറക്കിവിടുന്ന സർക്കാരാണ് പെൺനടത്തം സംഘടിപ്പിക്കുന്നതും സ്ത്രീസംരക്ഷണത്തെക്കുറിച്ച് വാചാലരാകുന്നതും.
സമരമുഖത്ത് ഒരു സ്ത്രീയെ അപമാനിക്കുന്നതിന്റെ ഏറ്റവും രൂക്ഷമായ രൂപമാണിത്. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിനിടെ പൊലീസുകാർ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ ലാത്തികൊണ്ട് കുത്തുന്നുണ്ടായിരുന്നു. വളരെ മോശം വാക്കുകളാണ് ഞങ്ങൾക്ക് നേരെ ഉപയോഗിച്ചത്. വലിച്ചിഴച്ചാണ് കൊണ്ടുപോയത്. അതേസമയം, എസ്.എഫ്.ഐ പ്രവർത്തകരെ അംഗനവാടി കുട്ടികളെ കൊണ്ടുപോകുന്നതു പോലെയാണ് പൊലീസ് കൊണ്ടുപോയത്. ഞങ്ങൾക്ക് പരിഗണനയൊന്നും വേണ്ട, പക്ഷേ സ്ത്രീകളോട് ഇത്ര ഹീനമായി പെരുമാറരുത്. പ്രവർത്തകരെ ക്രൂരമായി വേട്ടയാടരുത്.
വസ്ത്രം കീറിയും തല്ലിയൊതുക്കിയും സമരങ്ങൾ അവസാനിപ്പിക്കാമെന്നത് അബദ്ധധാരണയാണ്. ഞങ്ങളാരും സമരമുഖത്ത് നിന്ന് പിന്മാറാൻ പോകുന്നില്ല. സമരങ്ങളുടെ ശക്തി വർദ്ധിക്കുന്നതേയുള്ളൂ- ഷിബിന പറയുന്നു. കൂത്തുപറമ്പ് പാനൂർ സ്വദേശിയായ ഷിബിന പാനൂരിൽ യൂത്ത് കോൺഗ്രസിന്റെ മണ്‌ഡലം ഭാരവാഹിയായാണ് നേതൃത്വത്തിലേക്ക് വന്നത്.