
ആറ്റിങ്ങൽ: ആലംകോട് സംഘർഷത്തിൽ മൂന്ന് വീടുകളും കോൺഗ്രസ് ഓഫീസും അടിച്ചുതകർത്തു.
നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ ബുധനാഴ്ച കേൺഗ്രസ് പ്രവർത്തകർ ആലംകോട് വച്ച് കരിങ്കൊടി കാണിച്ചത് ബന്ധപ്പെട്ടുള്ള സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചത്.
വ്യാഴാഴ്ച രാത്രി പൊലീസ് സംരക്ഷണത്തിലുള്ള യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് സുഹൈലിന്റെ ആലംകോട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വീടിന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. എഴുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാരാകായുധങ്ങളുമായി സുഹൈലിന്റെ വീട് ആക്രമിക്കുകയും അടിച്ചുതകർക്കുകയും ചെയ്തു. വീടിന്റെ ജനാല ചില്ല് തകർത്ത് വീട്ടിനുള്ളിൽ കിടന്ന ഒരു വയസുകാരിയെ പോലും സംഘം ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
സ്ഥലത്ത് ഭീകരാന്തരീക്ഷം മുഴക്കിയശേഷം അക്രമി സംഘം പിരിയുകയായിരുന്നു. സംഭവമറിഞ്ഞ് ആലംകോട് ഒത്തുചേർന്ന നൂറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തുകയും, ടൗണിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും, നവകേരള സദസിന്റെയും ബോർഡുകൾ അടിച്ച് തകർത്തശേഷം സി.പി.എം നേതാവും, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നജാമിന്റെ വീട് ആക്രമിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന സഹോദരി സാഹിറാബീവിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ആക്രമത്തിൽ സാഹിറാബീവിയുടെ മകൻ സമദിന് (28) പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആലംകോട് ജംഗ്ഷന് സമീപത്തെ കോൺഗ്രസ് ഓഫീസും ആക്രമിക്കപ്പെട്ടു. ഈ മേഖലയിൽ തുടർ സംഘർഷം നിലനിൽക്കുന്നതിനാൽ ആലംകോട് ഹൈസ്കൂൾ റോഡ്, സുഹൈലിന്റെ വീടിന് സമീപം എന്നിവിടങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിട്ടുണ്ട്. ആക്രമണം നടന്ന സുഹൈലിന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ,പാലോട് രവി,ടി.ശരത് ചന്ദ്രപ്രസാദ്, വർക്കല കഹാർ,എൻ.സുദർശനൻ,സൊണാൾജ്,എൻ.ബിഷ്ണു,അംബി രാജാ തുടങ്ങിയവർ സന്ദർശിച്ചു.