
തിരുവനന്തപുരം: കേന്ദ്ര ഇലക്ഷൻ കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയാണ് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ അംഗങ്ങളുടെ കൂട്ട പുറത്താക്കലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എം.പിമാരെ കൂട്ടത്തോടെ പുറത്താക്കിയ ബി.ജെ.പി സർക്കാരിന്റെ നടപടിക്കെതിരെ രാജ്ഭവന് മുന്നിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യ ചരിത്രത്തിലെ കറുത്ത സമ്മേളനയായി പുതിയ കെട്ടിടത്തിലെ ആദ്യ സമ്മേളനത്തെ ചരിത്രം രേഖപ്പടുത്തും. സഭയിൽ വരാതെ പാർലമെന്റിലെ വിശ്രമമുറിയിലിരുന്ന് സഭാനടപടികൾ വീക്ഷിയ്ക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, കെ. മുരളീധരൻ എം.പി, എം.എൽ.എമാരയ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.വിൻസെന്റ്, അൻവർ സാദത്ത്, പി. ഉബൈദുള്ള, മോൻസ് ജോസഫ്, ടി. സിദ്ദിഖ്, ഫോർവേർഡ് ബ്ലോക്ക് സെക്രട്ടറി ദേവരാജൻ, കെ.ഡി.പി സംസ്ഥാന സെക്രട്ടറി സലിം പി.മാത്യു, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു, പാലോട് രവി, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.