
തിരുവനന്തപുരം:കേരളം ഭരിക്കുന്നത് ബ്രഹ്മഹത്യാ പാപികളാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ.വണ്ടിപ്പെരിയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും വധിക്കുന്നവരെയും, സഹായിക്കുന്നവരെയും ബ്രഹ്മഹത്യാപാപികളായാണ് ധർമ്മശാസ്ത്രങ്ങൾ കണക്കാക്കുന്നത്. കേരളത്തിൽ ദളിത് പെൺകുഞ്ഞുങ്ങൾ കൊലചെയ്യപ്പെടുന്നു. സർക്കാർ സംവിധാനങ്ങൾ പ്രതികളെ സഹായിക്കുന്നു. അതുകൊണ്ടാണ് സർക്കാരിനെ ബ്രഹ്മഹത്യാ പാപികളെന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത്. വാളയാർ കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതുപോലെ വണ്ടിപ്പെരിയാറിലും ആ പരീക്ഷണം നടത്തുകയാണെന്ന് ഹസൻ ആരോപിച്ചു.സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ,മുൻ മന്ത്രി പന്തളം സുധാകരൻ,.ജി.സുബോധൻ, ജി.എസ്.ബാബു, കരകുളം കൃഷ്ണ പിള്ള, എം. വിൻസന്റ് എം.എൽ.എ, നെയ്യാറ്റിൻകര സനൽ,പി.കെ. വേണുഗോപാൽ, കെ. ബി.ബാബുരാജ് പ്രേം നവാസ്, ഇ..എസ് ബൈജു,കെ.മണികണ്ഠൻ, വി.എസ് അനൂപ്, കാലടി അനിൽ, വേണുഗോപാൽ വിലങ്ങറ എന്നിവർ സംസാരിച്ചു.