ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് നവംബറിലെ പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ 71 കോടി രൂപ അനുവദിച്ച് അഞ്ച് നാൾ കഴിഞ്ഞിട്ടും പെൻഷൻ വിതരണം നടന്നില്ല. തുക കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കാനും അവിടെ നിന്നും സഹകരണ സംഘങ്ങളിലെ പെൻഷൻകാരുടെ അക്കൗണ്ടിൽ എത്തിക്കാനുമുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വൈകിപ്പിച്ചതാണ് 40,​000ൽപരം പെൻഷൻകാരെ ദുരിതത്തിലാക്കിയത്.

പലരും മരുന്നു കടയിലും പലചരക്ക് കടയിലും കടം പറഞ്ഞാണ് സാധനം വാങ്ങുന്നത്. പണം അനുവദിച്ചെ വാർത്ത പത്രങ്ങളിൽ വന്നതോടെ കടക്കാർ പണം ചോദിച്ചു തുടങ്ങിയെന്ന് പെൻഷൻകാർ പരാതിപ്പെട്ടു.17നാണ് പെൻഷൻ വിതരണത്തിന് തുക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താകുറിപ്പിൽ അറിയിച്ചത്. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസാേർഷ്യം വഴി ലഭ്യമാക്കാനായിരുന്നു ശ്രമം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സർക്കാർ അനുവദിച്ചതെന്നും വ്യക്തമാക്കിയിരുന്നു.തുക പെൻഷൻകാരുടെ അക്കൗണ്ടിൽ എത്തിക്കുന്ന നടപടിക്രമങ്ങൾ ഇന്നലെ പൂർത്തിയായെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇന്നും നാളെയുമായി വിതരണം നടക്കുമെന്നാണ് വിശദീകരണം.