
ആറ്റിങ്ങൽ: ആലംകോട്ടും പരിസരത്തും പുറത്ത് നിന്നെത്തിയ ക്രിമിനലുകൾ നടത്തിയ ക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ആലംകോട് ഡി.വൈ.എഫ്.ഐ അക്രമത്തിൽ തകർന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ പൊലീസ് സാന്നിദ്ധ്യത്തിൽ അക്രമം അഴിച്ചുവിട്ടത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കനാവില്ല. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകും. തല്ലുകൊള്ളാനും ഏറുകൊള്ളാനും മാത്രം ഞങ്ങളുടെ കുട്ടികളെ വിടില്ല. സുഹൈലിന്റെ ഉമ്മയെ പിടിച്ചുതള്ളുകയും കുഞ്ഞിന്റെ കൈപിടിച്ച് തിരിക്കുകയും ചെയ്‌തു. പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്,വർക്കല കഹാർ,സുദർശനൻ,പി.ഉണ്ണിക്കൃഷ്ണൻ,സോണാൽജ്,എൻ.എസ്.യു ദേശീയ കോ ഓർഡിനേറ്റർ നബീൽ കല്ലമ്പലം എന്നിവരും സതീശനോപ്പമുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐക്കാർക്ക് പൊലീസിന്റെ
സഹായം: രാഹുൽ മാങ്കൂട്ടത്തിൽ
ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐക്കാർക്ക് ആക്രമണത്തിനു വേണ്ടി സ്കെച്ചിട്ട് കൊടുക്കുന്ന പണിയാണ് ഇപ്പോൾ പൊലീസ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആലംകോട്ട് ഡി.വൈ.എഫ്.ഐയുടെ ആക്രമണത്തിനിരയായ സുഹൈലിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുഹൈലിന്റെ വീടിന് കാവലുണ്ടായിരുന്നു. വീടിന്റെ സംരക്ഷണം ഞങ്ങൾ നോക്കിക്കൊള്ളാമെന്നുപറഞ്ഞ് പ്രവർത്തകരെ പൊലീസ് അവിടെനിന്ന് പറഞ്ഞുവിട്ടതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ ആക്രമണമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിഹാദ്, ഗിരികൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി നിഹാൽ, എൻ.എസ്.യു ദേശീയ കോ ഓർഡിനേറ്റർ നബീൽ കല്ലമ്പലം എന്നിവരും ഒപ്പമുണ്ടായിരുന്നു.