
കാട്ടാക്കട: നവകേരള ബസിന് കരിങ്കൊടി കാണിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് കോൺഗ്രസ് നേതാവിന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി മാറനല്ലൂർ സ്വദേശി ആൻസൽ ദാസിന്റെ വലതുകാലാണ് ഒടിഞ്ഞത്. കാട്ടാക്കട കുളത്തുമ്മൽ സ്കൂളിന് മുമ്പിലായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻസലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്, വിളപ്പിൽ സജി എന്നിവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തു. അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.
യുവതിയെ പീഡിപ്പിച്ച കേസ് :
മുൻ ഗവ. പ്ളീഡറുടെ
മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പത്തു ദിവസത്തിനകം അഡ്വ. മനു ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നും അറസ്റ്റ് ചെയ്താൽ അതേ ദിവസം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി കാലതാമസമില്ലാതെ പരിഗണിക്കാനും ജസ്റ്റിസ് പി. ഗോപിനാഥ് നിർദ്ദേശിച്ചു.കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മനു ഒളിവിലാണ്.
തൊഴിൽമേഖലയിലെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം. അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചാൽ താൻ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികൾ ജയിലിൽ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ സർക്കാരും പരാതിക്കാരിയും ഈ വാദങ്ങൾ എതിർത്തു. പീഡനത്തെത്തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായെന്നും ഇതിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുവതിയെ പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
കണ്ണൂർ യൂണി.:നിയമന
നടപടിക്ക് സ്റ്റേ
കൊച്ചി: കണ്ണൂർ സർവകലാശാലയിലെ ജ്യോഗ്രഫി അസി. പ്രൊഫസർ നിയമന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
സർവകലാശാല മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് നടപടികൾ തുടങ്ങിയത്. ഡോ. ഗോപിനാഥിനെ വി.സിയായി നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഈ നിയമന നടപടികൾ തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥി ഡോ. ബിന്ദു നൽകിയ ഹർജിയിൽ ജസ്റ്റിസ് വിജു എബ്രഹാമാണ് സ്റ്റേ അനുവദിച്ചത്.
നവംബർ 29, 30 തീയതികളിൽ നടത്തിയ ഇന്റർവ്യൂവിൽ ഹർജിക്കാരി രണ്ടാം റാങ്ക് നേടിയിരുന്നു. നവംബർ 30 ന് ഡോ. ഗോപിനാഥിന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. ഇതിനുശേഷം നവംബർ 30 നു നടത്തിയ ഇന്റർവ്യൂവിന് മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തി. ഇതു നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരിയുടെ ആക്ഷേപം. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ ഡോ. ടി.പി സുദീപിന്റെ ഗവേഷണ ഗൈഡായിരുന്ന ജെ.എൻ.യുവിലെ അദ്ധ്യാപകനെയാണ് ഓൺലൈൻ ഇന്റർവ്യൂവിൽ സബജക്ട് എക്സ്പർട്ടായി നിയമിച്ചതെന്നും ഹർജിക്കാരി ആരോപിക്കുന്നു.