തിരുവനന്തപുരം: പിറന്ന മണ്ണ് നൽകിയ വേദനകൾ മറന്ന് അവർ കേക്ക് മുറിച്ചു. കരോൾ പാട്ടുകൾക്ക് ചുവടുവച്ചു. തീകൂട്ടി ചുറ്റുമിരുന്ന് വിശേഷങ്ങൾ പങ്കുവച്ചു. കലാപബാധിതമായ മണിപ്പൂരിൽ നിന്ന് രക്ഷപ്പെട്ട 17 കുട്ടികൾക്കായി ഇന്നർവീൽ ക്ലബും ഗോത്ര ഫൗണ്ടേഷനും സ്റ്റാച്യുവിലെ ഗോത്ര ഫൗണ്ടേഷനിൽ ഒരുക്കിയ ക്രിസ്മസ് ആഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. മൺചെരാതിൽ വിളക്ക് കൊളുത്തി ദൈവത്തിനെ സ്തുതിക്കുന്ന മണിപ്പൂരി ഗാനം പാടിയാണ് കുട്ടികളെത്തിയത്.
ദിവ്യകാരുണ്യ മിഷനെന്ന എൻ.ജി.ഒ വഴി ബംഗളൂരുവിലെ നഴ്സിംഗ് കോളേജുകളിൽ ജനറൽ മെഡിസിൻ പഠിക്കാൻ ഇവർക്ക് അവസരമൊരുക്കിയിരുന്നു. ക്രിസ്മസ് അവധിക്ക് ഇക്കഴിഞ്ഞ 12നാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. കലാപത്തിന്റെ ആഘാതത്തിൽ നിന്ന് പലരും മുക്തരായിട്ടില്ല.ചിലരുടെ മാതാപിതാക്കളെ കാണാനില്ല. മണിപ്പൂരിനെക്കാൾ കേരളമാണ് പ്രിയപ്പെട്ടതെന്ന് ഒരേസ്വരത്തിൽ ഇവർ പറയുന്നു. ഭക്ഷണവും കാലാവസ്ഥയുമാണ് മേഴ്സിക്കും ക്ലാരയ്ക്കും കേരളത്തിൽ ഇഷ്ടപ്പെട്ടത്. മണിപ്പൂരിലേക്കാൾ വിപുലമായ ആഘോഷങ്ങളാണ് കേരളത്തിൽ. പ്രശ്നങ്ങൾ തീർന്ന് നാട്ടിലേക്ക് മടങ്ങിയെത്തണം എന്നതാണ് ഇവരുടെ ആഗ്രഹം. പുതുവത്സരാഘോഷം കഴിഞ്ഞാകും ബംഗളൂരുവിലേക്ക് മടങ്ങുക. ഇന്നർവീൽ ക്ലബിന്റെ വക കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ഇന്നർവീൽ ക്ലബ് ഡിസ്ട്രിക്ട് 321ലെ അംഗങ്ങൾ, ഡിസ്ട്രിക്ട് ഐ.എസ്.ഒ മായ ഗോമസ്, പാസ്റ്റ് ഡിസ്ട്രിക്ട് ചെയർമാൻ ഷൈലജ പങ്കജ്, ഗീതാ പിള്ള, ഗോത്ര ഫൗണ്ടേഷൻ നയിക്കുന്ന ബോബി മാത്യു ചാക്കോ, ഭാര്യ നിർമ്മല കരുണ എന്നിവർ പങ്കെടുത്തു.