ചിറയിൻകീഴ്: ഭിന്നശേഷിക്കാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തള്ളിയ മാതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ചിറയിൻകീഴ് പെരുങ്ങുഴി ചിലമ്പിൽ പടുവത്ത് വീട്ടിൽ മിനിയെയാണ് (48) റിമാൻഡ് ചെയ്തത്. ഏക മകൾ അനുഷ്കയെയാണ് (8) ഇക്കഴിഞ്ഞ 19ന് മിനി കൊലപ്പെടുത്തിയത്. തുടർന്ന് കൊല്ലത്ത് എത്തുകയും അവിടെനിന്ന് തിരുപ്പതിയിലേക്ക് പോവുകയും ചെയ്തു. 21ന് ചിറയിൻകീഴ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി സ്വയം കീഴടങ്ങുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമമാണ് ഇത്തരത്തിൽ ഒരു കുറ്റകൃതൃത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. 19 മുതൽ മിനിയെയും കുഞ്ഞിനെയും കാണാനില്ലെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരെയും കാണാതെ ബന്ധുക്കൾ വലയുന്നതിനിടയിലാണ് മകളെ കൊലപ്പെടുത്തി സ്വന്തം വീട്ടിലെ കിണറ്റിൽത്തന്നെ ഉപേക്ഷിച്ച വിവരം മിനി പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുന്നത്.