തിരുവനന്തപുരം: നവകേരളസദസിന് ശേഷം ബസിനും ഗതാഗതമന്ത്രിക്കുമൊപ്പം കെ.എസ്.ആർ.ടി.സിയെക്കൂടി സർക്കാർ മ്യൂസിയത്തിലാക്കരുതെന്ന് കെ. മുരളീധരൻ എം.പി. ശമ്പളം കൃത്യമായി നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ഐ.എൻ.ടി.യു.സി സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ചീഫ് ഓഫീസിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ 'കാളവണ്ടി യാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ, സംസ്ഥാന നേതാക്കളായ ഡി. അജയകുമാർ, ടി.സോണി, എം.മുരുകൻ, വി.ജി.ജയകുമാരി, എസ്.കെ.മണി, ദീപു ശിവ, സന്തോഷ് കുമാർ, രാജേഷ്, ഷിബു എന്നിവർ സംസാരിച്ചു. സി.എം.ഡിയുടെ ഓഫീസിന് മുന്നിൽനിന്നും നവകേരള ബസിന്റെ മോഡലിൽ അലങ്കരിച്ച കാളവണ്ടിക്കൊപ്പം നൂറുകണക്കിന് തൊഴിലാളികളുമുണ്ടായിരുന്നു. മാർച്ച് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി വി.ആർ.പ്രതാപൻ ഫ്ളാഗ് ഒാഫ് ചെയ്തു. യാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു.