salar

തിരുവനന്തപുരം: കെ.ജി.എഫിനെ ഓർമ്മിപ്പിക്കുന്ന പഞ്ച് ഡയലോഗുകൾ, അത്ഭുതപ്പെടുത്തുന്ന സിനിമാട്ടോഗ്രഫി. തകർപ്പൻ ഗ്രാഫിക്സ്. തിയേറ്റർ വിട്ടാലും നെഞ്ചിടിപ്പേറ്റുന്ന ബി.ജി.എം, ഒരു രക്ഷയുമില്ലാത്ത ആക്ഷൻ സീനുകൾ. വെള്ളിത്തിരയിൽ പ്രഭാസും പൃഥ്വിരാജും മത്സരിക്കുമ്പോൾ 'സലാർ" വമ്പൻ ഹിറ്റാകുമെന്ന ഉറപ്പാണ് ആരാധകരിലേക്ക് എത്തുന്നത്.

കെ.ജി.എഫ് എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച പ്രശാന്ത് നീൽ- ബാഹുബലി ഫെയിം പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്നു എന്നതുകൊണ്ടു തന്നെ റിലീസിനു മുമ്പ് തന്നെ സലാറിന് വൻ ഹൈപ്പാണ് ലഭിച്ചിരുന്നത്. ആഗോള ബോക്സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം സലാർ ഓപ്പണിംഗ് കളക്ഷനായി നേടിയിട്ടുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ഔദ്യോഗികമായ കണക്കുകൾ ഇന്നു ലഭ്യമാകും. തെലങ്കാന, ആന്ധ്ര, കേരളം എന്നിവിടങ്ങളിൽ സലാ‌ർ പ്രദർശനങ്ങളെല്ലാം ഹൗസ് ഫുള്ളായിരുന്നു.

ആയിരം വർഷമായി പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ഖാൻസാർ എന്ന സാങ്കൽപ്പിക നഗരത്തിലാണ് കഥ നടക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച ഇടം. കുറ്റകൃത്യങ്ങളിലൂടെ പണം കുമിഞ്ഞുകൂടിയ ഖാൻസാറിനെ അടക്കിവാഴുന്ന മൂന്നുഗോത്രങ്ങൾ. അധികാരത്തിനായി അവരുടെ പോരാട്ടങ്ങൾക്കിടെ അടിച്ചമർത്തപ്പെട്ട ഒരു ഗോത്രം. ഇത്രയുമാണ് സലാറിന്റെ പശ്ചാത്തലം.

നായക കഥാപാത്രമായ ദേവയായി പ്രഭാസും സുഹൃത്ത് വർദ്ധരാജ് മാന്നാറായി പൃഥ്വിരാജും എത്തുന്നു. പുലിമുരുകനിൽ ഡാഡി ഗിരിജയായെത്തിയ ജഗപതി ബാബുവും ബോബി സിംഹയും ടിനു ആനന്ദുമൊക്കെ അഭിനയത്തികവുമായി കത്തിക്കയറുന്നുണ്ട്. ബ്ലാക്കിലും ഭരത് ചന്ദ്രനിലുമൊക്കെ നായികയായെത്തിയ ശ്രിയ റെഡ്ഡിയും അതിശക്തമായ കഥാപാത്രവുമായെത്തുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക. ഭുവൻ ഗൗഡയുടെ ക്യാമറാ വർക്കും ഉജ്വൽ കുൽക്കർണിയുടെ എഡിറ്റിംഗും ഉജ്ജ്വലം. വിജയ് ബസ്രുരിന്റെ സംഗീതവും സിനിമയുടെ കഥാഗതിക്ക് കൂടുതൽ പഞ്ച് നൽകുന്നു.