ministers

 1000 പേർ പങ്കെടുക്കും

തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേശ്കുമാർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ആയിരം പേർ പങ്കെടുക്കുമെന്ന് പൊതുഭരണവകുപ്പ് രാജ്ഭവനെ അറിയിച്ചു. 29ന് സത്യപ്രതിജ്ഞ നടത്താനാണ് സാദ്ധ്യത.

ചടങ്ങ് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നിന്ന് മാറ്റി,​ രാജ്ഭവൻ വളപ്പിലെ ഗ്രൗണ്ടിൽ പന്തലിടണമെന്നാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ആവശ്യം. ഓഡിറ്റോറിയത്തിൽ 110 കസേരകളേ ഇടാനാവൂ. പന്തലിടാൻ അനുമതി തേടി പൊതുഭരണ വകുപ്പ് ഗവർണറുടെ സെക്രട്ടറിക്ക് കത്ത് നൽകി. ചായസൽക്കാരത്തിനും അനുമതി തേടി. ചെലവ് സർക്കാർ വഹിക്കും. പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം പരിശോധിച്ചു.

ഉത്തരേന്ത്യയിലുള്ള ഗവർണർ 28ന് വൈകിട്ട് മടങ്ങിയെത്തും. സത്യപ്രതിജ്ഞ സംബന്ധിച്ച സർക്കാർ കത്ത് ഇതുവരെ രാജ്ഭവനിൽ ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാൽ ഒരുക്കങ്ങൾ നടത്താൻ ഉദ്യോഗസ്ഥരോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ഗവർണർ നിർദ്ദേശിക്കാനും ഇടയുണ്ട്.