
തിരുവനന്തപുരം : ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളിക്ക് കെ- സമാർട്ട് സോഫ്റ്റ്‌വെയറിലൂടെ വിവാഹ സർട്ടിഫിക്കറ്റ് നേടാം. ഇതിനായി തദ്ദേശ സ്ഥാപനത്തിലെത്തേണ്ട. നഗരസഭകളിൽ ജനുവരിയിൽ നടപ്പാക്കും. പഞ്ചായത്തുകളിൽ ഏപ്രിൽ ഒന്നുമുതലും.
സോഫ്റ്റ്‌വെയറിലെ വീഡിയോ കെ.വൈ.സി സംവിധാനത്തിലൂടെയാണ് ഓൺലൈനായി നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നത്. കെ- സമാർട്ടിൽ ലഭിക്കുന്ന വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ച് ദമ്പതികളുമായി വീഡിയോ കോൺഫറൻസ് നടത്തും. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
ചുരുങ്ങിയ ദിവസങ്ങളുടെ അവധിയിലെത്തി വിവാഹം കഴിഞ്ഞ് മടങ്ങുന്നവർക്ക് ഏറെ അനുഗ്രഹമാകും ഈ സംവിധാനം. ബ്ലോക്ക് ചെയിൻ, ചാറ്റ് ജി.പി.ടി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് കെ.സ്മാർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കെട്ടിട പെർമിറ്റ്
30 സെക്കൻഡിൽ
കെ- സ്മാർട്ടിൽ കെട്ടിടനിർമ്മാണ പെർമിറ്റുകൾ 30 സെക്കൻഡിൽ ലഭിക്കും. 3000 സ്ക്വയർ ഫീറ്റ് വരെയുള്ള നിർമ്മാണങ്ങൾക്ക് ഉടമയും ബിൽഡിംഗ് ഡിസൈനറും സംയുക്തമായി നൽകുന്ന സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പത്തിലേറെ സേവനങ്ങളാണ് കെ-സ്മാർട്ട് വഴി കിട്ടുക.