തിരുവനന്തപുരം:ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളികളും പെൻഷൻകാരും പ്രതീകാത്മകമായി പിച്ച തെണ്ടൽ സമരം നടത്തി. സമരം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ധൂർത്തിന് കുറവില്ലാത്ത സർക്കാർ പെൻഷൻ ലഭിക്കാത്തവരുടെ വേദന മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുവർഷം ശമ്പളം വാങ്ങാതെ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വട്ടപ്പാറ അനിൽകുമാർ അദ്ധ്യക്ഷനായി. പ്രതീകാത്മകമായി പിച്ചച്ചട്ടിയുമായി രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെ നടന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ വേണുഗോപാൽ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, സേവ്യർ ജോൺ പാഴേരി, ഹരിദാസ്, ദേവരാജൻ, ജോസ്, ചവറ ഹരീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.