x

തിരുവനന്തപുരം: നവകേരള സദസ് ശില്പ രൂപത്തിലൊരുക്കി പ്രശസ്ത ശില്പി ഉണ്ണി കാനായി. നവകേരള സദസിന്റെ സമാപനയോഗത്തിന്റെ ഭാഗമായി വട്ടിയൂർകാവ് മണ്ഡലത്തിനു വേണ്ടിയാണ് ചരിത്രസംഭവം ശില്പമാക്കിയത്. അഞ്ച് അടി നീളത്തിൽ രണ്ട് അടി വീതിയുള്ള കേരളത്തിന്റെ മാതൃകയ്ക്ക് മുകളിൽ കേരള മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും മുന്നോട്ടു നടക്കുന്ന രീതിയിലാണ് ശില്പം ഒരുക്കിയത്. ആദ്യം മന്ത്രിമാരുടെ രൂപം കളിമണ്ണിൽ പത്ത് ഇഞ്ച് ഉയരത്തിൽ തീർത്തു. പിന്നീട് പ്ലാസ്റ്റർ ഒഫ് പാരീസിൽ മോൾഡ് എടുത്ത് മെറ്റൽ ഗ്ലാസ്സിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം മെറ്റാലിക്ക് നിറം പൂശി വുഡ് സ്റ്റാൻഡിൽ ഘടിപ്പിച്ചു. ശില്പ നിർമ്മാണഘട്ടം വി.കെ. പ്രശാന്ത് എം.എൽ.എ വിലയിരുത്തിയിരുന്നു. ഈ ശില്പം ഇന്ന് വട്ടിയൂർക്കാവിൽ നവകേരള സദസിന്റെ ജില്ലാതല സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി സമർപ്പിക്കും. മൂന്നാഴ്ച സമയമെടുത്ത് നിർമ്മിച്ച ഉപഹാരം ഗ്ലാസ്‌മെറ്റലിൽ നിർമ്മിച്ച് വെങ്കല നിറം പൂശുകയായിരുന്നു.