തിരുവനന്തപുരം: നഗരത്തിലെ കോളനികളിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കോളനിവാസികളെ ഉൾപ്പെടുത്തി പ്രതിരോധ ദൗത്യവുമായി സിറ്റി പൊലീസ്.നഗരത്തിൽ 117 കോളനികളിലാണ് ഇത്തരത്തിൽ പദ്ധതി നടപ്പാക്കുക. വിഴിഞ്ഞം (14)​,​കോവളം (12)​,​നേമം (10)​,​വട്ടിയൂർക്കാവ് (12)​ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോളനികളുള്ളത്.

സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് തലസ്ഥാന ജില്ലയിൽ 59,​865 കേസുകളാണ് സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2021ലും 2022ലും കൊലക്കേസുകൾ കുറഞ്ഞെങ്കിലും മയക്കുമരുന്ന്,​ പോക്‌സോ,​ തട്ടിക്കൊണ്ടു പോകൽ,​ പീഡന കേസുകൾ വർദ്ധിക്കുകയാണ് ചെയ്തത്. ഇത്തരം കേസുകളിലുണ്ടായ വർദ്ധനയാണ് സിറ്റി പൊലീസിനെ കോളനികൾ കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കാൻ പ്രേരിപ്പിച്ചത്.

 വനിതാ സ്വയംസഹായ ഗ്രൂപ്പുകൾ

സ്വയം പ്രതിരോധത്തിന് പരിശീലനം നൽകി വനിതാ സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരികരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിലുൾപ്പെടുന്ന പ്രായപൂർത്തിയാകാത്തവരെ കർശനമായി നിരീക്ഷിക്കും. ഇവരെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മാനസിക പരിശീലനവും നൽകും. വിവിധ സർക്കാർ ഏജൻസികളും വകുപ്പുകളുമായി ചേർന്ന് അഭ്യസ്തവിദ്യരായവർക്ക് തൊഴിലവസരങ്ങളും സംരംഭങ്ങളും തുടങ്ങാനുല്ള അവസരങ്ങളും ഒരുക്കി നൽകും.