തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ, മലയോര ഹൈവേകൾക്ക് സർക്കാർ 10000 കോടി ചിലവിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാറശാല മണ്ഡലത്തിലെ നവകേരളസദസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചിലവിടുന്നത് കേന്ദ്രത്തിന്റെ പണമല്ലെന്നും ഇത് സംസ്ഥാനത്തിന്റെ പണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലയോര ഹൈവേ അടക്കമുള്ള പദ്ധതികൾ ഏറ്റെടുക്കാനുള്ള വിഭവശേഷി കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചത്. പ്രതിപക്ഷം പരിഹസിച്ചെങ്കിലും കിഫ്ബി രാജ്യത്തെ ധനകാര്യ വിശ്വസ്തത നിലനിർത്തുന്ന സ്ഥാപനമായി മാറി. പ്രതിപക്ഷം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പിയുടെ മനസിനൊപ്പം ചേർന്നാണ് യു.ഡി.എഫും കോൺഗ്രസും നിൽക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിമാർ, ഡെപ്യൂട്ടി കളക്ടർ ജേക്കബ്ബ് സഞ്ജയ് ജോൺ എന്നിവരും പങ്കെടുത്തു.