പാറശാല: പാറശാലയുടെ മണ്ണിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ബസ് ഇന്നലെ വൈകിട്ടെത്തിയപ്പോൾ വരവേറ്റത് ആയിരങ്ങളാണ്. ഇന്നലെ വൈകിട്ട് 7ഓടെ കാരക്കോണം മെഡിക്കൽ കോളേജിന്റെ ഗ്രൗണ്ടിലെ വേദിയിലേക്ക് ഒഴുകിയെത്തിയ ജനങ്ങളുടെ ആവേശത്തിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന പ്രത്യേക ബസ് വന്ന് നിന്നത്.
ശിങ്കാരിമേളത്തിന്റെ നവകേരളസദസിന്റെ വേദിയിലേക്കെത്തിയ മുഖ്യമന്ത്രിയെ ജനങ്ങൾ ആദരപൂർവം സ്വീകരിച്ചു. മന്ത്രി ആന്റണി രാജുവിന്റെ പ്രസംഗത്തോടെയാണ് മണ്ഡലത്തിലെ നവകേരളസദസിന് തുടക്കമായത്. തുടർന്ന് മന്ത്രിമാരായ സജി ചെറിയാൻ,കെ.രാജൻ എന്നിവരും പ്രസംഗിച്ചു. മന്ത്രി രാജൻ പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്. തുടർന്ന് സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി സംസാരിച്ചു.
ഉപഹാരമായി ബാലരാമപുരം
കൈത്തറി മുണ്ടും പുസ്തകവും
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉപഹാരമായി ബാലരാമപുരം കൈത്തറി മുണ്ടും വനിതാമന്ത്രിമാർക്ക് കൈത്തറിസാരിയും വിശ്വസാഹിത്യകാരൻമാരുടെ പുസ്തകങ്ങളുമാണ് നൽകിയത്. 20 കൗണ്ടറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലത്തിൽ നിന്ന് 5662 പരാതികൾ ലഭിച്ചിട്ടുണ്ട്.