karnataka-rtc

തിരുവനന്തപുരം: ക്രിസ്മസ് -പുതുവത്സര സീസണിൽ സ്വകാര്യ ബസുകളിലെ അമിത നിരക്കിന് തടയിടാൻ കർണാടക ആർ.ടി.സി കേരളത്തിലേക്ക് 59 ബസ് സർവീസുകൾ അധികമായി നടത്തും.

22, 23, 24 തീയതികളിലായി സർവീസ് ആരംഭിക്കും.

എറണാകുളത്തേക്ക് 18, തൃശൂരിലേക്ക് 17, കോഴിക്കോട്, പാലക്കാട് 6 വീതം, കണ്ണൂർ 5, കോട്ടയം 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് അധിക സർവീസുകൾ. മൂന്നാറിലേക്കും പമ്പയിലേക്കും ഓരോ സർവീസും അധികമായി നടത്തും.

കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടലാണ് തുണയായത്. ആറിരട്ടിവരെ തുകയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. വിദ്യാർത്ഥികളും ഐ.ടി സ്ഥാപനങ്ങളിലെ ജോലിക്കാരുമുൾപ്പെടെ പതിനായിരക്കണക്കിനു മലയാളികൾക്ക് ആശ്വാസമാകും ഈ സർവീസുകൾ.

യാത്രാദുരിതം മലയാളി സംഘടനകൾ വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.വേണുഗോപാൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയുമായി സംസാരിച്ചതിനെ തുടർന്നാണ് അധിക സർവീസിന് ഉത്തരവായത്.

മൾട്ടി ആക്സിൽ വോൾവോ, എ.സി സ്ലീപ്പർ ബസുകളാണ് സർവീസ് നടത്തുക.