തിരുവനന്തപുരം:കസ്റ്റംസ്, സി.ബി.ഐ ഉദ്യോഗസ്ഥരുടെ പേരിൽ ഫോൺ വിളിച്ച് തിരുവനന്തപുരം സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടിന്റെ പക്കൽ നിന്ന് 2.25 കോടി രൂപ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. മദ്ധ്യപ്രദേശ് സ്വദേശിയായ കേശവ് ശർമ,രാജസ്ഥാൻ സ്വദേശി ഭേരു ലാൽ ശർമ എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം മുംബെയിലെത്തി അറസ്റ്റുചെയ്‌തത്.

മുംബയ് വിമാനത്താവളത്തിലെത്തിയ പരാതിക്കാരന്റെ പേരിലുള്ള പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും കൂടെ പാസ്‌പോർട്ടിന്റെയും ആധാറിന്റെയും കോപ്പിയുണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്. കേസ് സി.ബി.ഐയ്‌ക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിപ്പെടുത്തുകയും ചെയ്‌തു. 70 അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് പണം തട്ടിയെടുത്തത്. ആദ്യം പണം കൈമാറിയ 6 അക്കൗണ്ടുകളിൽ ഒന്നായ രാജസ്ഥാനിലെ കുമാർ അസോസിയേറ്റ് എന്ന കമ്പനി വ്യജമാണെന്ന്‌ ബോദ്ധ്യപ്പെട്ടെങ്കിലും നൂതന സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികളുടെ വിവരം ശേഖരിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു.

സിറ്റി പൊലീസ് കമ്മീഷണർ നാഗരാജൂ ചകിലത്തിന്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിധിൻ രാജിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, സിറ്റി അസി.കമ്മിഷണർ പി.പി.കരുണാകരൻ,പൊലീസ് ഇൻസ്‌പെക്ടർ പി.ബി.വിനോദ്കുമാർ,സബ് ഇൻസ്‌പെക്ടർമാരായ കെ.എൻ.ബിജുലാൽ,വി.ഷിബു,സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ,സി.പി.ഒമാരായ വിപിൻ.വി,വിപിൻ ഭാസ്‌കർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന്‌ നേതൃത്വം നൽകിയത്.