തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമിയിൽ റാഗിംഗിന് ഇരയായതായി ചൂണ്ടിക്കാട്ടി വിദ്യാർത്ഥി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കായംകുളം സ്വദേശിയായ ഒന്നാംവർഷ വിദ്യാർത്ഥി എസ്.അർജുനാണ് പരാതിയുമായെത്തിയത്.
സീനിയേഴ്സായ അഞ്ചുപേരും കണ്ടാലറിയുന്ന അമ്പതോളം വിദ്യാർത്ഥികളും ചേർന്ന് പലപ്പോഴായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്. ഒന്നാം വർഷ ക്ലാസ് തുടങ്ങി നവംബർ 6ന് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് തന്നെ തടഞ്ഞുനിറുത്തി വിരട്ടിയ ശേഷം പേരും സ്ഥലവും ചോദിച്ചറിഞ്ഞു. പിന്നീട് കോളജ് കാന്റീനിൽ വന്ന് തങ്ങളെ കാണാൻ ആവശ്യപ്പെട്ടു. മറ്റൊരു ദിവസം കാന്റീനിലെത്തിച്ച് സീനിയേഴ്സിനെ കാണുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇതിനിടെ പോക്കറ്റിൽ നിന്ന് പേനയും പണവും താഴെയിട്ടു. ഇതെടുക്കാൻ ശ്രമിച്ചപ്പോൾ സീനിയേഴ്സ് മർദ്ദിച്ചെന്ന് പരാതിയിൽ പറയുന്നു.
നവംബർ 9ന് വീണ്ടും കോളേജ് ഗേറ്റിൽ വച്ച് ഇതേ സംഘം ഭീഷണിപ്പെടുത്തി. 13ന് തന്നെ കോളേജിന് പിറകിൽ കൊണ്ടുപോയ ശേഷം മർദ്ദിക്കുകയും ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഡിസംബർ 20ന് ഇവരുടെ മർദ്ദനത്തിൽ പരിക്കേറ്റ താൻ പേരൂർക്കട ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും മർദ്ദിച്ചവർക്കെതിരെ കേസെടുക്കണമെന്നും അർജുൻ പരാതിയിൽ ആവശ്യപ്പെട്ടു. കോളേജ് മാനേജ്മെന്റിനും പരാതി നൽകിയിട്ടുണ്ട്.