
നെയ്യാറിലെ ശിലയെടുത്തു ശ്രീനാരായണഗുരു അരുവിപ്പുറത്തു നടത്തിയ ആശയപ്രതിഷ്ഠ നിശബ്ദമായ മഹാവിപ്ളവമായിരുന്നു. 1924ൽ പെരിയാറിനെ സാക്ഷിയാക്കി സംഘടിപ്പിച്ച സർവമത സമ്മേളനമാകട്ടെ എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന മഹാസന്ദേശം പ്രചരിപ്പിക്കാനും. സർവമത സമ്മേളനം ശതാബ്ദി സൗരഭ്യത്തിലേക്ക്
..........................
ലോക ചരിത്രം നോക്കിയാൽ യോദ്ധാക്കളും കലാപകാരികളും ഏറ്റവുമധികം ആശ്രയിച്ചത് ലോഹായുധങ്ങളെയാണ്. തീ തുപ്പുന്ന തോക്കുകളും പീരങ്കികളും ചോരപുരണ്ട വാളുകളും കൂട്ടക്കുരുതിയുടെ എത്രയെത്ര കറുത്ത അദ്ധ്യായങ്ങൾ രചിച്ചു. മനുഷ്യസ്നേഹികൾ മറിച്ചുനോക്കാൻ പോലും മടിക്കുന്ന അദ്ധ്യായങ്ങളാണവ. വെട്ടിപ്പിടിക്കാനുള്ള അഹന്തയ്ക്കും സ്വന്തം മതവും ജാതിയുമാണ് ശ്രേഷ്ഠമെന്നുള്ള മത്സരബുദ്ധിക്കും വേണ്ടി നടത്തിയ യുദ്ധങ്ങളും പോരാട്ടങ്ങളുമാണ് അതിലധികവും. ആ കൂരിരുളിലും അശോക ചക്രവർത്തി, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങിയ പ്രകാശസ്തംഭങ്ങൾ കാണാം.
നിരായുധരായ അവരെല്ലാം അറിവിനെയാണ് ആയുധമാക്കിയത്.
പ്രകൃതിസൗന്ദര്യം ആവോളം കിട്ടിയ മലകളെയും പുഴകളെയും സാഗരങ്ങളെയും കർമ്മദീപ്തികൊണ്ട് ശ്രീനാരായണ ഗുരുദേവൻ കൂടുതൽ സുന്ദരമാക്കി. ചാതുർവർണ്യത്തിന്റെ അഹന്തയ്ക്ക് നൽകിയ പ്രഹരമായിരുന്നു നെയ്യാറിൻ തീരത്തെ അരുവിപ്പുറം പ്രതിഷ്ഠ. അറിവെന്ന ആയുധം കൊണ്ട് നടത്തിയ മഹായുദ്ധമായിരുന്നു അത്. ഒരു തുള്ളി ചോര പൊടിഞ്ഞില്ല.ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും വൈകുണ്ഠസ്വാമിയുടെയും തപോകാന്തികൊണ്ട് മരുത്വാമലയുടെ കീർത്തി ലോകമെങ്ങും പരന്നു. അറിവിന്റെ ദേവതയായ ശാരദാപ്രതിഷ്ഠ, മഹാസമാധി എന്നിവയാൽ ശിവഗിരി മഹാശയങ്ങളുടെ മഹാഗിരിയായി. അദ്വൈതാശ്രമം സർവമത സമ്മേളനം എന്നിവയാൽ ആലുവയും പെരിയാറും പുണ്യധാമങ്ങളായി.
ശങ്കരാചാര്യരുടെ ജന്മം കൊണ്ടും അദ്വൈതദർശനം കൊണ്ടും കാലടിയും പെരിയാറും മുമ്പേതന്നെ യശോധാവളമാർന്നതാണ്. സർവമത സമ്മേളനം അതിന്റെ വെണ്മ ഒന്നുകൂടി വർദ്ധിപ്പിച്ചു. ഏഷ്യയ്ക്കാകെയും ഭാരതത്തിനും അഭിമാനിക്കാവുന്ന ഒരു സമ്മേളനം. ചിക്കാഗോയിലെ ആദ്യ സർവമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ മനുഷ്യരാശിയെ സഹോദരീ സഹോദരന്മാരായി കണ്ടു. സ്നേഹപൂർവം അങ്ങനെയാണ് അഭിസംബോധന ചെയ്തതും. കറുത്തവരും വെളുത്തവരുമായ സദസ് ആ വാക്കുകൾ കേട്ട് രോമാഞ്ചംകൊണ്ടു. പരമമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിവ്യസ്പർശമറിഞ്ഞു. ചിക്കാഗോയിൽ ആരംഭിച്ച പുതിയൊരു ചരിത്രരഥം പിന്നെ ആലുവയിലെത്തുന്നു.
ആലുവയിൽ സർവമത സമ്മേളനം വിഭാവനം ചെയ്ത മഹാഗുരുവിനും മനുഷ്യരെല്ലാം ആത്മസഹോദരങ്ങളാണ്. ഭിന്ന മതാനുയായികളെ പങ്കെടുപ്പിച്ച് ഒരു സർവമത സമ്മേളനം ഗുരുവിന്റെ ചിരകാല അഭിലാഷമായിരുന്നു. വ്യത്യസ്ത വിശ്വാസപ്രമാണങ്ങൾ ഒരേ വേദിയിൽ വച്ച് പ്രകടിപ്പിച്ചാൽ അവയുടെ അടിസ്ഥാന ഭാവങ്ങളിലുള്ള ഐകരൂപ്യം സുഗ്രഹമായിത്തീരുമെന്ന് അദ്ദേഹം വിശ്വസിച്ചു.
വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
ഗുരുദേവന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് 1916ൽ മഹാകവി കുമാരനാശാൻ സമർപ്പിച്ച 'ഗുരു" എന്ന ലഘുകാവ്യോപഹാരത്തിലും പല മതസാരവും ഏകമതസാരവും ഗ്രഹിക്കാത്ത മനുഷ്യന്റെ അജ്ഞാനതിമിര സൂചനയുണ്ട്. എല്ലാം കണ്ട് നിസംഗനായിരിക്കാതെ അറിവിനെ ആയുധമാക്കിയുള്ള കർമ്മപോരാട്ടങ്ങളാണ് ഗുരു ആസൂത്രണം ചെയ്തത്. അയിത്തം, ജാതിവിവേചനം, മതപ്പോര് എന്നിവയ്ക്കുള്ള സിദ്ധൗഷധം കൂടിയായിരുന്നു സർവമത സമ്മേളനമെന്ന ആശയം.
1924 (1099 കുംഭം 20, 21)ൽ ആയിരുന്നു സർവമത സമ്മേളനം. ലോകം ഉറ്റുനോക്കിയ ആ സമ്മേളനം ശതാബ്ദിയിലെത്തുന്നു. സമ്മേളനത്തിന്റെ സംഘടനാപരമായ കാര്യങ്ങളുടെ ചുമതല ഗുരുദേവൻ അന്ന് സത്യവ്രത സ്വാമികളെയാണ് ഏല്പിച്ചത്. കേരളകൗമുദി സ്ഥാപകൻ സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ എന്നിവർ നേരത്തേതന്നെ ആലുവയിലെത്തി പ്രവർത്തനങ്ങളിൽ സജീവമായി. സമ്മേളന ലക്ഷ്യം, ആസൂത്രണം ചെയ്യേണ്ട കാര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഗുരു സത്യവ്രത സ്വാമിക്ക് യഥാസമയം വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.
'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്ന മുദ്രാവാക്യം എഴുതിവയ്ക്കണം. എല്ലാ കാലത്തും വാദങ്ങളും അർത്ഥരഹിതമായ വിവാദങ്ങളുമാണല്ലോ സമാധാനം കെടുത്തുന്നത്. സമ്മേളനത്തിനു തൊട്ടുമുമ്പുവരെ ഗുരുദേവൻ വർക്കലയിലും പരിസരപ്രദേശങ്ങളിലും ചുറ്റി സഞ്ചരിക്കുകയായിരുന്നു. ഒരു മാതൃകാ പാഠശാല ശിവഗിരിയിൽ വേണം. ഏകമതസാരം പഠിപ്പിക്കുന്ന പാഠശാല. അതിനാവശ്യമായ ധനം സംഭരിക്കണം അതായിരുന്നു ഗുരുവിന്റെ അപ്പോഴത്തെ സഞ്ചാരലക്ഷ്യം.
1099 കുംഭം 14ന് വൈകിട്ട് 6 മണിക്ക് ആലപ്പുഴക്കു തിരിക്കുന്ന ബോട്ടിൽ ഗുരു കൊല്ലത്തു നിന്നു കയറി. അടുത്ത ദിവസം വെളുപ്പിന് ആലപ്പുഴയിൽ. അവിടത്തെ സത്രത്തിൽ വിശ്രമം. രാത്രി പതിനൊന്നര മണിക്കു ബോട്ടിൽ ആലപ്പുഴ നിന്ന് എറണാകുളത്തേക്ക് തിരിച്ചു. എന്നാൽ എറണാകുളത്തെത്താൻ വൈകി. അപ്പോൾ തീവണ്ടി വിട്ടുകഴിഞ്ഞിരുന്നു. ചില റെയിൽവേ ഉദ്യോഗസ്ഥർ ഗുരുവിനെ തിരിച്ചറിഞ്ഞു. അടുത്ത ഗുഡ്‌സ് വണ്ടിയിൽ ഒരൊഴിഞ്ഞ കമ്പാർട്ടുമെന്റിൽ അവർ യാത്ര തരപ്പെടുത്തി. അങ്ങനെയാണ് ഗുരു സമ്മേളനത്തിനെത്തുന്നത്.
സർവമത സമ്മേളനത്തിൽ സർ ടി. സദാശിവയ്യരായിരുന്നു അദ്ധ്യക്ഷൻ. ആര്യസമാജത്തിന്റെ പ്രതിനിധിയായി ഋഷിറാമും ബ്രഹ്മസമാജ പ്രതിനിധിയായി സ്വാമി ശിവപ്രസാദും. ഇസ്ളാം മതത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് മൗലവി. ക്രിസ്തുമത പ്രതിനിധി കെ.കെ. കുരുവിള, സിലോണിൽ നിന്ന് ഒരു ബുദ്ധഭിക്ഷു അങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. അദ്ധ്യക്ഷവേദിയുടെ ഒരുഭാഗത്ത് മന്ദഹാസത്തോടെ
ഗുരുദേവനും. ഋഷിറാമിന്റെ ഇംഗ്ളീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് സഹോദരൻ അയ്യപ്പൻ. സ്വാഗതം സത്യവ്രതസ്വാമിയും കൃതജ്ഞത സി.വി. കുഞ്ഞുരാമനുമായിരുന്നു.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ അവസാനം ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കുകയും ഒരു സന്ദേശം പരസ്യപ്പെടുത്തുകയും ചെയ്തു. സത്യവ്രത സ്വാമി തന്നെയാണ് സമ്മേളനത്തിൽ സന്ദേശം വായിച്ചതും. അതിന്റെ സാരം ഇപ്രകാരമായിരുന്നു.
എല്ലാ മതങ്ങളുടെയും പരമോദ്ദേശം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മത മഹാസമ്മേളനത്തിൽ നടന്ന പ്രസംഗങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്ന് വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ തൃപ്തികരമായ നടത്തിപ്പിന് അഞ്ചുലക്ഷം രൂപ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിചാരിക്കുന്നു.
വിനയവും വാത്സല്യം കലർന്ന ഗുരുവചനങ്ങൾ സദസ് സഹർഷം സ്വാഗതം ചെയ്തു. ആ ഗുരുമൊഴി കേട്ട് പെരിയാറിലും ആമോദത്തിരയിളകിയിരിക്കാം.
സംസ്കൃത സ്കൂളിന്റെ അങ്കണത്തിൽ വച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതോടുകൂടി സർവമത സമ്മേളന പരിപാടികൾ പര്യവസാനിച്ചു.
ആത്മോപദേശ ശതകത്തിൽ ഗുരു സർവമത സമ്മേളനത്തിന്റെ ആമുഖം പോലെ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കേണ്ടതാണ്. പല മതങ്ങളുടെയും സാരം ഒന്നുതന്നെ. അതറിയാത്ത വിവേകശൂന്യർ ആനയെ കണ്ട് പരസ്പരം തർക്കിക്കുന്ന അന്ധരെപ്പോലെയാണ്. ശാന്തമായി സത്യം അന്വേഷിച്ചറിയണം. സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും പ്രസക്തിയേറിവരുന്ന സന്ദേശമാണിത്. അതിന്റെ പൊരുൾ മനസിലാക്കിയാൽ മതത്തിന്റെയും വർണത്തിന്റെയും പേരിലുള്ള തർക്കങ്ങളും പോർവിളികളും താനേ നശിക്കും.
മഹാഗുരു ഒരു ശതാബ്ദം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനം മഹത്തായ വിശ്വ സാഹോദര്യത്തിനുവേണ്ടിയാണ്. ലോകശാന്തിക്കുവേണ്ടിയാണ്. മനുഷ്യരാശിക്കായി ഗുരു കൊളുത്തിയ ദീപശിഖ ഏറ്റുവാങ്ങാൻ ആത്മീയ മേഖലയിലെ എത്ര ആചാര്യന്മാർ മുന്നോട്ടുവന്നു? ആ മഹാസന്ദേശ പ്രചാരണത്തിന് എത്ര പിൻഗാമികളുണ്ടായി? ആ ചോദ്യം ഇപ്പോഴും ഉത്തരം തേടി വട്ടമിട്ടു പറക്കുകയാണ്.
നെയ്യാറിൻ തീരത്തെ അരുവിപ്പുറത്തു ശിവശിലയിലൂടെ ഗുരുദേവൻ ദിവ്യമായൊരു ആശയ പ്രതിഷ്ഠ നടത്തി. അപ്പോൾ ഗുരു എക്കാലവും മനുഷ്യമോചനത്തിനായുള്ള പരമായുധമായി കണ്ട അറിവ് ഒരു പൂമൊട്ടിന്റെ രൂപത്തിലായിരുന്നു. കോലത്തുകരയും മണ്ണന്തലയും കഴിഞ്ഞ് ശാരദാപ്രതിഷ്ഠ. ശിവഗിരിയും കടന്ന് വൈക്കം സത്യാഗ്രഹവും പിന്നിടുമ്പോൾ അത് ലോകത്തിനാകെ സുഗന്ധമേകുന്ന വസന്തമായി മാറുന്നു. സർവമത സമ്മേളനം ശതാബ്ദിയിലെത്തുമ്പോഴും ആ പരിമള മാരുതൻ വീശിക്കൊണ്ടിരിക്കുന്നു, കേരളവും ഭാരതവും കടന്ന് ലോകമാകെ!