theerthadana-padayathra

ശിവഗിരി: 91-ാമതു ശിവഗിരി മഹാതീർത്ഥാടനത്തോടനുബന്ധിച്ചുളള പദയാത്രകൾ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നു ശിവഗിരിയിലേക്ക് തിരിച്ചുെതുടങ്ങി. പദയാത്രകളെ വരവേൽക്കാനും തീർത്ഥാടകർക്ക് ഭക്ഷണ വിശ്രമ സൗകര്യങ്ങൾ ഒരുക്കാനും എല്ലാ വിഭാഗമാളുകളും തയ്യാറായി വരുന്നു. പലസ്ഥലങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുടെ കെട്ടിടങ്ങൾ കൂടാതെ ഇതര സംഘടനകളുടെ സ്ഥാപനങ്ങളും വിട്ടുനൽകുന്നുണ്ട്. താമസത്തിനൊപ്പം ഭക്ഷണം നൽകുന്നതിലും സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കുംവിധമാണ് പങ്കാളിത്തം.

ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയത് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചായിരുന്നു. ഈ ജില്ലയിൽ നിന്നാണ് വർഷം തോറും കൂടുതൽ പദയാത്രകൾ പുറപ്പെടുക. ഇവയിൽ പലതിന്റെയും തുടക്കം ഈ ക്ഷേത്രത്തിൽ നിന്നാണ്. വടക്കൻമേഖലയിൽ നിന്ന് തിരിക്കുന്നവയും സമീപപ്രദേശങ്ങളിൽ നിന്നുള്ളവയും ക്ഷേത്രത്തിലെത്തി പ്രാർത്ഥനയെത്തുടർന്ന് തീർത്ഥാടനനാനുമതി നൽകിയ വേളയിൽ ഗുരുദേവൻ ഉപവിഷ്ടനായിരുന്ന തേന്മാവിൻ ചുവട്ടിൽ യോഗവും ചേർന്നാണ് യാത്ര തുടരുന്നത്. അവിടെ എത്തിച്ചേരുന്നവർക്കെല്ലാം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ഭാരവാഹികൾ ശ്രദ്ധാലുക്കളാണ്.

ജില്ലയിലെ പള്ളം, കുമരകം, കുഴിമറ്റം, പാത്താമുട്ടം, വാകത്താനം പുലിക്കുട്ടിശ്ശേരി, ഇത്തിത്താനം, തൃക്കൊടിത്താനം, ചെങ്ങളം, തൃപ്പാദസേവാസമിതി പന്നിമറ്റം, വൈക്കം എന്നീ ഭാഗങ്ങളിൽ നിന്നു പദയാത്രകളുണ്ട്. തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ, തെക്കുംകരയിൽ നിന്നു ഗുരുധർമ്മപ്രചരണ സഭ,​ ചിറ്റാർ ശ്രീനാരായണ നഗറിൽ നിന്നുള്ള കുമാരനാശാൻ സ്മൃതി പദയാത്രകളും പുറപ്പെടും. ആലപ്പുഴ കുട്ടമംഗലം, കായംകുളം, പുതുപ്പള്ളി, തൃപ്പാദഗുരുകുലം ചേവണ്ണൂർ കളരി, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരം, കോലത്തുകര, ചെമ്പഴന്തി, കൊല്ലം എന്നിവിടങ്ങളിൽനിന്നും​ കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലും ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ കുളനടയിൽനിന്നും ​പദയാത്രകൾ പുറപ്പെടും. ശ്രീനാരായണ ധർമ്മാശ്രമം ചക്കുപള്ളം പദയാത്രയും ആലുവ അദ്വൈതാശ്രമത്തിൽ നിന്നുള്ള പദയാത്രയും പുറപ്പെട്ടുകഴിഞ്ഞു.