p

തിരുവനന്തപുരം:നോൺജുഡീഷ്യൽ തസ്തകകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ജുഡീഷ്യൽ ഓഫീസർമാർ മാതൃസർവീസിലേക്ക് മടങ്ങണമെന്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് എ.ജെ.ദേശായിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ ചുമതല ഒഴിയും. 2022 ജൂലായിലാണ് മൂന്ന് വർഷത്തെ ഡെപ്യൂട്ടേഷനിൽ നിയമസഭാ സെക്രട്ടറിയായത്.

നെയ്യാറ്രിൻകര അബ്കാരി സ്പെഷ്യൽ കോടതി അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജായി ജനുവരി ഒന്നിന് ചുമതലയേൽക്കും. സ്പീക്കറുടെ ഓഫീസ് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകി.

ജനുവരിയിൽ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. പുതിയ സെക്രട്ടറിയെ നിയമിക്കാൻ സാവകാശം കിട്ടില്ല. ബഷീറിനെ നിലനിറുത്താൻ സ്പീക്കറുടെ ഓഫീസ് ശ്രമിച്ചെങ്കിലും ഹൈക്കോടതി നിലപാട് മാറ്റിയില്ല.

ഭരണഘടനാ വിഷയങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും പ്രാവീണ്യമുള്ള വ്യക്തിയാവണം നിയമസഭാ സെക്രട്ടറി. സ്പീക്കർ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് സെക്രട്ടറിയെ നിശ്ചയിക്കേണ്ടത്.

ലോകായുക്ത രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി (സ്യൂട്ട്) , ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ 24 സെക്രട്ടറിമാർ, കേരള ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജ് ഉൾപ്പെടെ 36 പേരാണ് ഡെപ്യൂട്ടഷനിൽ നോൺജുഡീഷ്യൽ തസ്തികളിൽ ജോലി ചെയ്യുന്നത്. നിയമഭേദഗതി നടത്തി അതത് വകുപ്പിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നിർദ്ദേശം.

ലോകായുക്തയിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഡെപ്യൂട്ടി രജിസ്ട്രാർമാരായി ജോലിചെയ്യുന്നവർ പലരും ഡിസ്ട്രിക്ട് ജഡ്ജിമാരുടെ പ്രമോഷൻ ലിസ്റ്റിലുണ്ട്. അവർക്ക് പ്രമോഷൻ വരുന്നതുവരെ ഇപ്പോഴത്തെ തസ്തികയിൽ തുടരാം.