
വക്കം: ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ലക്ഷ്യം കാണാതെ പാഴ്ച്ചെടികളും പായലും ചെളിയും അടിഞ്ഞുകൂടിയ വെളിവിളാകം ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചു. വാർഡ് മെമ്പർ ശാന്തമ്മയുടെ നിരന്തര ഇടപെടലിനൊടുവിൽ കേന്ദ്ര ധനകാര്യ ഫണ്ടായ (സി.എഫ്.സി) ആറു ലക്ഷം രൂപയാണ് അനുവദിച്ചത്. 2019-2020 കാലയളവിൽ 11.45 ലക്ഷം കുളം നവീകരണത്തിനും ശുചിത്വമിഷന്റെ 62,000 രൂപയും ചെലവഴിച്ചിട്ടും ലക്ഷ്യസ്ഥാനം കാണാൻ കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായ രീതിയിലാണ് കുളം നിർമ്മാണം നടന്നത്. കുളത്തിൽ ഇറങ്ങാൻ കൽപ്പടവുകൾ ഇല്ലാതെയും ചെളി പൂർണമായി നീക്കം ചെയ്യാതെയുമാണ് അന്ന് പണി പൂർത്തിയാക്കിയത്. അതിനു ശേഷം പായൽ മൂടിയതോടെ സേവാഭാരതിയുടെ നേതൃത്വത്തിൽ കുളം വൃത്തിയാക്കി. ചെളി കാരണം കുളിക്കാൻ കഴിയാതായതോടെ ആരും ഇറങ്ങാതെ വീണ്ടും പായൽ മൂടി പാഴ്ച്ചെടികൾ വളർന്നു.
കുളം നിറയെ പായൽ മൂടിയതോടെ അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് കുളത്തിലെ പായൽ നീക്കി വൃത്തിയാക്കി. തൊട്ടുപിന്നാലെ കുട്ടികൾ കുളത്തിലിറങ്ങുന്നതിൽ നാട്ടുകാർ വിലക്കേർപ്പെടുത്തി. ഇതോടെ കുളം പഴയപടിയായി. കുളത്തിന്റെ ഓട നിർമ്മാണം രാത്രി സമയത്ത് സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു. ക്ഷേത്ര ഭാരവാഹികൾ പാടെ ഉപേക്ഷിച്ച കുളമായിരുന്നു ഇത്. ക്ഷേത്രക്കുളത്തിന്റെ ശോചനീയാവസ്ഥകാരണം അന്നത്തെ മെമ്പർ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാതെപോയി. ഗ്രാമ സഭയിൽ രണ്ടു തവണ കുളം വൃത്തിയാക്കുന്ന കാര്യം മെമ്പർ അവതരിപ്പിക്കുകയും മൂന്നാമത്തെ ഗ്രാമസഭയിൽ അംഗീകരിക്കുകയും ചെയ്തു.