
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആഗോള തലത്തിൽ മികച്ചതായി മാറുമെന്നും വിദേശത്തേക്ക് ഉൾപ്പെടെയുള്ള യാത്രാ കപ്പലുകളുടെ സർവീസ് ആദ്യഘട്ടത്തിൽ തന്നെ തുടങ്ങുമെന്നും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എം.ഡി ദിവ്യ എസ്.അയ്യർ പറഞ്ഞു. യാത്ര സർവീസ് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്നും 2024 മേയിൽ തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകാനിരിക്കെ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ ദിവ്യ പറഞ്ഞു.
?തുറമുഖത്ത് ആദ്യ ചരക്കുകപ്പൽ എപ്പോഴെത്തും
ചരക്കുകപ്പലിന്റെ കാര്യത്തിൽ ഷെഡ്യൂൾ ഉണ്ടാക്കിയിട്ടില്ല. നിർമ്മാണം പൂർത്തിയായശേഷമേ അതുണ്ടാക്കുകയുള്ളൂ. അടുത്ത മേയിൽ തുറമുഖത്തിന്റെ പ്രാഥമിക കാര്യങ്ങളെല്ലാം പൂർത്തിയാകും. തുടർന്ന് കുറച്ച് നടപടിക്രമങ്ങളുണ്ടാകും. ഡിസംബറോടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനാവും. അപ്പോൾ ചരക്കുകപ്പലുകൾ വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷ.
എ.വി.പി.എൽ (അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്) ആണ് പ്രധാനമായി ഷിപ്പിംഗ് കമ്പനികളുമായി ചർച്ച നടത്തുന്നത്. വിസിൽ നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല. ഏതൊക്കെ കമ്പനികൾ വരണമെന്ന് തീരുമാനിക്കുന്നത് വിസിൽ അല്ല. എന്നാൽ അനുമതി നൽകുന്ന അതോറിട്ടി എന്ന നിലയിൽ വിസിലിന് റോളുണ്ടാകും.
?നിർമ്മാണം എത്രത്തോളം പൂർത്തിയായി
നിലവിൽ ക്രെയിനുകളും മറ്റു അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെ ബർത്തിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. പുലിമുട്ടിന്റെ നിർമ്മാണം 70 ശതമാനത്തിലധികം പൂർത്തിയായി. വിചാരിച്ച ടൈംലൈൻ വച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമ്മാണം നടത്തുന്നത്. ഇന്റർനാഷണൽ സീപോർട്ട് സെക്യൂരിറ്റി കോഡ് ഇതിനോടകം ലഭിച്ചു.
?എത്ര കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്
ഒന്നാംഘട്ടം പൂർത്തിയായി 10 വർഷം കഴിയുമ്പോൾ ഒരുവർഷത്തിൽ 1,000 കോടിയോളം രൂപയുടെ വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. 100 കോടിയിൽ നിന്നാരംഭിച്ച് ഘട്ടംഘട്ടമായി 1,000 കോടിയിലേക്ക് ഉയരും. കരാർ പ്രകാരം 15 വർഷത്തിനുശേഷമേ തുറമുഖത്തിന്റെ നടത്തിപ്പിലൂടെയുള്ള വരുമാനം വിസിലിന് കിട്ടിത്തുടങ്ങുകയുള്ളൂ. പക്ഷേ അതിനുമുമ്പ് നികുതിയിനത്തിലും മറ്റു രീതിയിലും സർക്കാരിന് വരുമാനമുണ്ടാകും.
?എന്തെങ്കിലും തടസങ്ങൾ നേരിടുന്നുണ്ടോ
മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരത്തുകയുമായും വീടുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനോടകം 105 കോടി രൂപയുടെ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. കളക്ടറുടെയും സബ്- കളക്ടറുടെയും നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ നോക്കുന്നത്.
?ടൂറിസത്തെ അഭിവൃദ്ധിപ്പെടുത്താൻ ക്രൂസ് ഷിപ്പ് സർവീസ് ആലോചനയിലുണ്ടോ
തീർച്ചയായും. വിഴിഞ്ഞവും സമീപപ്രദേശങ്ങളായ കോവളവും പൂവാറുമൊക്കെ ടൂറിസത്തിന് ശക്തമായ സാദ്ധ്യതകളുള്ള സ്ഥലങ്ങളാണ്. അതിനാൽ ക്രൂസ് ഷിപ്പ് സർവീസ് പരിഗണിക്കും. തുറമുഖത്തിന്റെ രണ്ടാംഘട്ടത്തിലായിരിക്കും ഇതുസംബന്ധിച്ച കാര്യങ്ങൾ ഉണ്ടാവുക. യാത്രാ കപ്പലുകളുടെ സർവീസും ഉണ്ടാകും.