
എൺപതുകൾ...മലയാളസിനിമയുടെ പ്രതാപകാലം. തിരുവനന്തപുരമായിരുന്നു അക്കാലത്ത് ഒട്ടുമിക്ക സിനിമകളുടെയും പ്രധാന ലൊക്കേഷൻ. അന്ന് അഭ്രപാളികളിൽ ഉദിച്ച താരങ്ങളെ, സിനിമകളുടെ പിന്നാമ്പുറക്കഥകളെ സസൂക്ഷ്മം വീക്ഷിച്ച ഒരു 22കാരൻ. ആദ്യം ആഴ്ചപ്പതിപ്പുകളിൽ ചെറുകഥകൾ എഴുതിത്തുടങ്ങി. ഇപ്പോൾ സിനിമാനിരൂപണ ജീവിതത്തിന്റെ അരനൂറ്റാണ്ടു പിന്നിടുകയാണ് പേട്ട അക്ഷരവീഥി സ്വദേശിയായ സുകു പാൽക്കുളങ്ങര. എഴുപതു വയസിനിടയിൽ എഴുതിയത് 17ലേറെ സിനിമാപ്രവർത്തകരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ, 1000ഓളം ലേഖനങ്ങൾ..തിരിഞ്ഞുനോക്കുമ്പോൾ ഈ യാത്രയിൽ കൈമുതലായത് ക്ഷമയും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണെന്ന് അദ്ദേഹം പറയുന്നു.
18ാം വയസിൽ ഏജീസ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും മനം മുഴുവൻ എഴുത്തിലായിരുന്നു. സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് കരുതി ഡിപാർട്ട്മെന്റൽ ടെസ്റ്റുകൾ പോലും എഴുതിയില്ല. സാമ്പത്തികനേട്ടം മാത്രമല്ലല്ലോ ജീവിതം. സിനിമാവാരികകളിലെ എഡിറ്റർമാരായ മധു വൈപ്പന, കോന്നിയൂർ ഭാസ് എന്നിവരുമായുള്ള ബന്ധമാണ് സിനിമയിലെത്തിച്ചത്. അവരുടെ എഴുത്തിന്റെ ശൈലി മനസിലാക്കി സ്വന്തം ശൈലി രൂപീകരിച്ചു. കൗമുദി വാരാന്ത്യപതിപ്പിന്റെ അന്നത്തെ എഡിറ്റർ എസ്.ഭാസുരചന്ദ്രന്റെയും കേരളകൗമുദിയുടെയും പ്രോത്സാഹനം വഴിത്തിരിവായി. ചാക്കയിലെ വൈ.എം.എ ലൈബ്രറി,പാൽക്കുളങ്ങര തമ്പി മെമ്മോറിയൽ ലൈബ്രറി,ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി എന്നിവിടങ്ങളാണ് വായനയ്ക്ക് വേരോട്ടമുണ്ടാക്കിയത്.
തിരുവനന്തപുരം ഭാഷ ഏറ്റവും മനോഹരമായി സംസാരിക്കുന്ന നടൻ ജഗതി ശ്രീകുമാറാണെന്ന് സുകു പറയുന്നു. ഏറ്റവും അദ്ഭുതപ്പെടുത്തിയ നടനും ജഗതി തന്നെ. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അദ്ദേഹം എത്തുന്നതു തന്നെ ഒരു കാഴ്ചയായിരുന്നു. 'ജഗതി ചിരിച്ചും ചിരിക്കാതെയും' എന്ന പരമ്പര ഏറെ ജനപ്രീതി നേടി. 'പി.ഭാസ്കരൻ പ്രതിഭയുടെ വസന്തവിരുന്ന്', 'പ്രിയദർശൻ ഹിറ്റുകളുടെ രാജകുമാരൻ', 'തിക്കുറിശ്ശി കലയുടെ സാർവഭൗമൻ', 'ജഗതി ചിരിയുടെ നിത്യവസന്തം', 'സി.വി.ആനന്ദബോസിന്റെ ജീവചരിത്രം', 'സസ്നേഹം മോഹൻലാൽ'...അങ്ങനെ ഒട്ടുമിക്ക സിനിമാക്കാരുടെയും ജീവചരിത്രം ആദ്യം എഴുതിയത് സുകുവായിരുന്നു. നിരന്തരമായ കൂടിക്കാഴ്ചകളിലൂടെ ഏതുസമയത്തും 'ചേട്ടാ' എന്ന് വിളിച്ചു സംസാരിക്കാനാവുന്ന ബന്ധം എല്ലാവരുമായി ഉണ്ടാക്കി. അദ്ദേഹത്തിന്റെ ലേഖനങ്ങൾ സിനിമാ ഗവേഷകർക്കും വരും തലമുറയ്ക്കും പ്രയോജനപ്പെടുമെന്നതിൽ തർക്കമില്ല. ജോലിയിൽ നിന്ന് രാജിവയ്ക്കാതെ എഴുത്തിൽ തുടരണമെന്ന് ഉപദേശിച്ചത് മമ്മൂട്ടിയായിരുന്നു. എന്നാൽ നിത്യഹരിതനായകൻ പ്രേംനസീർ, മമ്മൂട്ടി എന്നിവരുടെ ജീവചരിത്രം എഴുതാൻ ആവാത്തതിന്റെ ദുഃഖം ബാക്കി. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മോഹവും.
എഴുത്തിന്റെ അമ്പതാം വാർഷികം ' സ്നേഹപൂർവ്വം സുകുവിന് ' എന്ന പേരിൽ 26 ന് തിരുവനന്തപുരം താഴശ്ശേരി മഹാത്മഗാന്ധി വായനശാല ആഘോഷിക്കുന്നുണ്ട്.