bus

നെയ്യാറ്റിൻകര: പൊട്ടിപ്പൊളിഞ്ഞ ബസ് പാതയിൽ പൊതുജനത്തിന്റെയാകെ നടുവൊടിച്ച് ബസ് സ്റ്റേഷൻ പരിസരം. അടിയന്തരമായി പാത നവീകരിക്കണമെന്ന ആവശ്യം ശക്തം.

ഇന്റർലോക്കും കോൺക്രീറ്റും കൊണ്ട് നിർമ്മിച്ചതാണ് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുള്ളിലെ പാത. നിരന്തരമുള്ള വാഹനയാത്ര കാരണം നവീകരണം കഴിഞ്ഞ് അധികം വൈകാതെ പാത പൊട്ടിപ്പൊളിയുകയായിരുന്നു. 3 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാത ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുഃസ്സഹമായ അവസ്ഥയിലാണ്. നിരന്തരം ബസുകൾ കയറിയിറങ്ങുന്ന പാത ടാറിട്ട് നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പാത പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും നവീകരണം സംബന്ധിച്ച് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു മറുപടിയും ഇനിയും ലഭിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ സിവിൽ വിംഗിനാണ് പാതയുടെ നവീകരണ ചുമതല. ഡിപ്പോ അധികൃതർ ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് നിവേദനം നൽകി കാത്തിരിപ്പാണ്. മഴസമയത്താണ് ഇതുവഴിയുള്ള യാത്രാദുരിതം ഇരട്ടിക്കുന്നത്.

 പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ പാതയിൽ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് ബസുകൾ കടന്നുപോകുമ്പോൾ ബസ് കാത്ത് നിൽക്കുന്നവരുടെ മേൽ വെള്ളം തെറിക്കുന്നത് പതിവാണ്. ഈ കുഴികൾ ചാടി വേണം ബസിൽ കയറിപ്പറ്റേണ്ടതെന്നത് മറ്റൊരു കടമ്പയാണ്.

 ദുരിതയാത്ര...

ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങൾ യാത്ര ചെയ്യാനായി ആശ്രയിക്കുന്ന ദേശീയപാതയിലെ പ്രധാന ബസ് സ്റ്റേഷനിലെ ദുരിതം പ്രായം ചെന്നവരെയും ഗർഭിണികളെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പൊതുവേ ദേശീയ പാതയിൽ നിന്ന് ബസ് സ്റ്റേഷനിലേക്ക് കയറുന്ന പ്രധാന പാതയിലേക്ക് ചരിഞ്ഞാണ് ബസുകൾ പ്രവേശിക്കുന്നത്. ബസിലിരുന്ന് യാത്ര ചെയ്യുന്നവരെല്ലാം ആടിയുലഞ്ഞാണ് ബസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടെയാണ് ബസുകൾ പൊട്ടിപ്പൊളിഞ്ഞ കുഴികളിലേക്ക് ചെന്ന് ചാടുന്നത്.

പരിഹാരമില്ലാതെ പരാതി

റോഡ് തകർന്നതോടെ യാത്രക്കാരും ജീവനക്കാരും അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അറുതി വേണമെന്ന ആവശ്യം ശക്തമാണ്. ഒപ്പം പാത നവീകരണം സംബന്ധിച്ച് ഡിപ്പോ അധികൃതർക്ക് യാത്രക്കാരടക്കം നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും അധികൃതർ ഭാഗത്തു നിന്ന് ആശാവഹമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.