
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിന് അനുമതി നൽകി രണ്ട് ദിവസം മുമ്പ് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. കോട്ടയം തഹസിൽദാർക്കാണ് (എൽ.എ ജനറൽ) സ്ഥലമെടുപ്പ് ചുമതല. പ്രത്യേക ഓഫീസും തുടങ്ങും. പ്രാഥമിക വിജ്ഞാപനം ഇറക്കുന്നതോടെ സർവേ തുടങ്ങും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. പ്രാഥമിക വിജ്ഞാപനം ഇറക്കി ഒരു വർഷത്തിനകം 19 (1) വിജ്ഞാപനം വരുമ്പോഴാണ് എത്ര സ്ഥലം എടുക്കുമെന്ന് അന്തിമരൂപമാവുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര വിതരണം. ഭൂമിവിലയ്‌ക്ക് 12% പലിശ നൽകണം.
2027-ൽ പൂർത്തിയാക്കും
2027 ന് മുമ്പായി വിമാനത്താവള നിർമ്മാണം പൂർത്തിയാക്കും. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തിലാവും നിർമ്മാണം. ഇവിടെ നിന്ന് 48 കിലോമീറ്ററാണ് ശബരിമലയിലേക്ക്. എരുമേലിക്ക് സമീപം ചെറുവള്ളി എസ്റ്റേറ്റിന്റെ 2268.13 ഏക്കറാണ് ഏറ്റെടുക്കുന്നത്. റൺവേയുടെ ആവശ്യത്തിന് എസ്റ്റേറ്രിന് കിഴക്കുപടിഞ്ഞാറായി 307 ഏക്കർ പിന്നീട് ഏറ്റെടുക്കും.