
തിരുവനന്തപുരം: തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മുതൽ ഒട്ടേറെ പ്രതിസന്ധികൾ സംസ്ഥാനം നേരിട്ടു. എന്നാൽ കേന്ദ്രം നിഷേധ നിലപാട് സ്വീകരിക്കുകയാണ്. നവകേരളസദസിന്റെ ഭാഗമായി പ്രകടിപ്പിക്കുന്ന പൊതുവികാരം കണ്ടില്ലെന്നു നടിക്കാൻ ഒരു സർക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഫെഡറൽ ഘടനയ്‌ക്കെതിരായ കേന്ദ്ര നടപടികളെ ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കേന്ദ്രത്തിന്റെ നിലപാട് മാറുമെന്നാണ് പ്രതീക്ഷ. സദസിലെ ജനപങ്കാളിത്തം കണ്ട് കേരളത്തെ അവഗണിക്കുന്നില്ലെന്ന് പറയാൻ കേന്ദ്ര ധനമന്ത്രി നിർബന്ധിതയായി. കേന്ദ്ര അവഗണനയെക്കുറിച്ച് മിണ്ടാതിരുന്ന കോൺഗ്രസ്, ഇതിനെതിരെ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുമെന്ന് പറഞ്ഞു. ജനകീയ കരുത്താണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സദസിന്റെ ആദ്യ ദിവസം മുതൽ ആരും പ്രകോപിതരാവരുതെന്നാണ് താൻ പറഞ്ഞിട്ടുള്ളത്. ഇതുപോലെ ഒരു പരിപാടി നടക്കുമ്പോൾ അടി, അടി, അടിച്ചോണ്ടിരിക്കണം എന്ന് പറഞ്ഞൊരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ല. മറിയക്കുട്ടിയുടെ വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെതിരെ വിമർശനമുന്നയിച്ചതായി കാണേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റെങ്കിൽ ചോദ്യം ചെയ്യാം
മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് ശരിയല്ലെങ്കിൽ ചോദ്യം ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. നിങ്ങൾ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. പൊലീസിന്റെ നടപടി തെറ്റാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാം.
മാദ്ധ്യമപ്രവർത്തകർ ചെല്ലുന്നത് ഗൂഢാലോചനയാണെന്ന് ആരും പറയില്ല. മാദ്ധ്യമപ്രവർത്തനത്തിന് യാതൊരു തടസവും ഉണ്ടാക്കുന്നില്ല. കേസ് താൻ പരിശോധിക്കേണ്ട കാര്യമില്ല. തനിക്കതിൽ വിശ്വാസക്കുറവില്ല. നിങ്ങളുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ വാർത്ത കൊടുക്കുന്നു. അതൊന്നും ഗൂഢാലോചനയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.