
തിരുവനന്തപുരം: നവകേരള സദസിന്റെ അവസാനദിനമായ ഇന്നലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയ്ക്കായി കിഫ്ബിയിലൂടെ 5,580.74 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെന്നും 2025ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ഇമ്പോർട്ട് ടെർമിനൽ പൂർത്തിയായി. സിറ്റി ഗ്യാസ് പദ്ധതി വിവിധ ജില്ലകളിൽ പുരോഗമിക്കുന്നു. സി.എൻ.ജി സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അതിവേഗം നടക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2024ൽ കമ്മിഷൻ ചെയ്യും.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ എന്നിവയുമാണ് സർക്കാർ വിഭാവനം ചെയ്യുന്നുന്നത്. വടക്കേ മലബാറിലെ ബൃഹദ് പദ്ധതിയായ മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ 2024ൽ ഉദ്ഘാടനം ചെയ്യും. ടെക്‌നോപാർക് ഫേസ് നാലിൽ തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് സംസ്ഥാനം 200 കോടി രൂപയാണ് അനുവദിച്ചത്. ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് ടെക്‌നോസിറ്റിയിലെ 14 ഏക്കറിൽ 1,515 കോടി രൂപ ചിലവിൽ ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.