udf

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കുനേരെ തീവ്രതയേറിയ കണ്ണീർ വാതക ഷെല്ലുകളാണ് പൊലീസ് പ്രയോഗിച്ചത്. കണ്ണീർ വാതക ഷെല്ലിൽ നിന്നുള്ള പുക ശ്വസിച്ച് സ്ത്രീകളടക്കമുള്ളവർ അവശരായി. പലർക്കും കണ്ണുകൾ തുറക്കാനാകാത്ത സ്ഥിതിയായിരുന്നു. ശ്വാസതടസവും നെഞ്ചെരിച്ചിലും അനുഭവപ്പെട്ടു.

പത്തുതവണയാണ് ഷെൽ പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗം കൂടിയായതോടെ പ്രവർത്തകർ വശംകെട്ടു. ഇത് കണ്ണീർവാതകമല്ല,​ കണ്ണൂർ വാതകമാണെന്ന് ചിലർ വിളിച്ചുപറയുന്നുണ്ടായിരുന്നു.

വെടിശബ്ദം മാത്രമുള്ള ഷെല്ലുകളാണ് ആദ്യം പൊട്ടിച്ചത്. പിരിഞ്ഞുപോകാതിരുന്നതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള പ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങൾ തേടി കടകളിലും വീട്ടുവളപ്പിലേക്കും ഓടിക്കയറി. കുപ്പിവെള്ളം കൊണ്ട് പലതവണ മുഖം കഴുകിയാണ് ആശ്വാസം കണ്ടെത്തിയത്. പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. റോഡുപണി നടക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണത്തിനായി വച്ചിരുന്ന കോണുകൾ പൊലീസിനു നേരെ വലിച്ചെറിഞ്ഞു. ഇതോടെ മാനവീയം വീഥിയിലേക്കും പൊലീസ് ഷെല്ലുകൾ പ്രയോഗിച്ചു. മാദ്ധ്യമപ്രവർത്തകർക്കും പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.