gv

കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീംകോടതി ഈ വർഷം റെക്കാഡിട്ടിരിക്കുകയാണ്. ജനുവരി ഒന്നു മുതൽ ഡിസംബർ 15 വരെ 52,191 ഹർജികളാണ് തീർപ്പാക്കിയത്. കഴിഞ്ഞ വർഷം ഇത് 39,800 ആയിരുന്നു. ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിച്ച് വരുത്തിയ പരിഷ്കാരങ്ങളാണ് ഈ നേട്ടത്തിനിടയാക്കിയത്. രാജ്യത്തെ ഹൈക്കോടതികളും കീഴ്‌‌ക്കോടതികളും ഈ മാതൃക പിൻതുടരേണ്ടതാണ്. വൈകിക്കിട്ടുന്ന നീതി യഥാർത്ഥത്തിൽ നീതിനിഷേധത്തിന് തുല്യമാണെന്നാണ് പറയുന്നത്. വാദിയും പ്രതിയും മരണമടഞ്ഞിട്ടും തീർപ്പാകാതെ ദശാബ്ദങ്ങളായി തുടരുന്ന സിവിൽ കേസുകൾ ഇപ്പോഴും രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടപ്പുണ്ട് എന്നത് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാനാവും. കേന്ദ്ര നിയമ മന്ത്രി തന്നെ രാജ്യസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ പറഞ്ഞത് രാജ്യത്തൊട്ടാകെ 5.02 കോടി കേസുകൾ തീർപ്പാകാതെ അവശേഷിക്കുന്നുണ്ടെന്നാണ്. നടപടിക്രമങ്ങളിലെ സങ്കീർണതകളും ജഡ്‌ജിമാരുടെ എണ്ണക്കുറവും മറ്റുമാണ് കേസുകൾ തീർപ്പാക്കാൻ വൈകുന്നതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. സുപ്രീംകോടതിയിൽ തന്നെ തീർപ്പാക്കാൻ 69,766 കേസുകളുണ്ട്. കേസുകൾ നീളുന്നതിന്റെ നഷ്ടം നീതിക്കായി കോടതികളെ സമീപിക്കുന്ന കക്ഷികളാണ് സഹിക്കേണ്ടിവരുന്നത്. കേസുകൾ നീളുന്നതുകൊണ്ട് വക്കീലന്മാർക്ക് ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല. ഓരോ തവണ കേസ് മാറ്റിവയ്ക്കുമ്പോഴും ഹാജരാകാൻ കക്ഷികൾ വക്കീലിന് പണം നൽകേണ്ടിവരും. ഒരു കേസ് പല കാരണങ്ങൾ കൊണ്ടും മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടാകും. പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ വൈകുന്നത് കേസ് മാറ്റിവയ്ക്കാൻ ഒരു സ്ഥിരം കാരണമാണ്. കോടതിയും വക്കീലന്മാരും പ്രോസിക്യൂഷനും പൊലീസുമെല്ലാം ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കണ്ടെത്താനാകൂ. ഒരു കേസ് പരമാവധി മാറ്റിവയ്ക്കുന്നതിനും പരിധികൾ നിശ്ചയിക്കണം.

ഈ വർഷം പുതുതായി സുപ്രീംകോടതിയിലെത്തിയത് 4919 കേസുകളാണ്. ഭരണഘടനാ ബെഞ്ചുകൾ വാദം കേട്ട 17 കേസുകളിൽ ഈ വർഷം വിധി പറഞ്ഞുവെന്നതും ഒരു പ്രത്യേകതയാണ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഭരണഘടനാ കേസുകളിൽ ഏറ്റവും കൂടുതൽ സിറ്റിംഗ് നടത്തിയത് -71 കേസുകൾ. വിരമിച്ച മലയാളി ജഡ്‌ജി ജസ്റ്റിസ് കെ.എം. ജോസഫാണ് ഈ ഗണത്തിൽ രണ്ടാമത്. 20 കേസുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

സുപ്രീംകോടതിയിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഇ - ഫയലിംഗ്, വെർച്വൽ വാദം, ഡിജിറ്റൽ രേഖകളുടെ ഉപയോഗം എന്നിവയാണ് സഹായിച്ചത്. അസാധാരണ കേസുകൾ കേൾക്കാൻ പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കുകയും ചെയ്തു. ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചാൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ വേഗത്തിൽ കഴിയും. കീഴ്‌ക്കോടതികളിലെ ജഡ്‌ജിമാരുടെ എണ്ണക്കുറവ് അതത് ഹൈക്കോടതികൾ പരിഹരിക്കേണ്ടതാണ്. അതുപോലെ തന്നെ ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കുമുള്ള ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള ലിസ്റ്റിന് അനുമതി നൽകാതെ വച്ച് താമസിപ്പിക്കുന്ന പ്രവണത കേന്ദ്ര സർക്കാരും ഉപേക്ഷിക്കണം.