kerala-cabinet

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇന്ന് രാവിലെ 10.30ന് എ.കെ.ജി സെന്റിൽ ചേരുന്ന യോഗത്തിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേശ് കുമാർ എന്നിവരെയാണ് ഉൾപ്പെടുത്തുക.

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് മാറ്റിവച്ച നവകേരള സദസിൽ പുതിയ മന്ത്രിമാർ പങ്കെടുക്കും. നവംബർ 19ന് ഇടതു സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെയാണ് മുൻധാരണ പ്രകാരമുള്ള മാറ്റങ്ങൾ മന്ത്രിസഭയിൽ വരുത്തുന്നത്.

നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ. നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതിനാൽ പുനഃസംഘടന നീട്ടി വയ്ക്കുകയായിരുന്നു. നിലവിൽ ഉത്തരേന്ത്യൻ പര്യടനത്തിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 28ന് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തും. 29ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചനകൾ.