തിരുവനന്തപുരം: നവകേരള സദസിന്റെ സമാപന ദിവസമായ ഇന്നലെ ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കൾക്കുനേരെ പൊലീസിന്റെ കണ്ണീർ വാതക പ്രയോഗം. ആയിരത്തോളം പ്രവർത്തകർ പങ്കെടുത്ത സമരം അക്രമാസക്തമായി. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയതോടെ ഡി.ജി.പി ഓഫീസിനു മുൻവശം യുദ്ധക്കളമായി. പ്രതിപക്ഷ നേതാവിന് പ്രസംഗം പൂർത്തിയാക്കാനായില്ല. ദേഹാസ്വാസ്ഥ്യമുണ്ടായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും ചാണ്ടി ഉമ്മനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേശ് ചെന്നിത്തലയും മറ്റ് എം.എൽ.മാരും എം.പിമാരും വേദിയിലിരിക്കേയാണ് പൊലീസ് നടപടി. നേതാക്കൾ ജലപീരങ്കിയിൽ നനഞ്ഞു. സാധാരണ നേതാക്കൾ വേദിവിടുന്നതുവരെ പൊലീസ് നടപടി ഉണ്ടാകാറില്ല.
പ്രവർത്തകർ ബാരിക്കേഡ് നീക്കാൻ ശ്രമിക്കുകയും കല്ലും കൊടി കെട്ടിയ കമ്പുകളും പൊലീസിനുനേരെ വലിച്ചെറിയുകയും ചെയ്തതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ കണ്ണീർവാതക ഷെല്ലുകൾ പൊട്ടിച്ചു.
നവകേരളസദസിന്റെ ബസിനു നേർക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്. ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പൊലീസുകാരും ക്രൂരമായി മർദ്ദിച്ചതിനെതിരെയായിരുന്നു പ്രതിഷേധ സമരം.
പത്തുതവണയാണ് ഷെൽ പ്രയോഗിച്ചത്. ചിതറിയ പ്രവർത്തകർ മാനവീയം വീഥിയിലും വെള്ളയമ്പലത്തേക്കുമുള്ള റോഡിലും തമ്പടിച്ചു.
ഒരു മണിക്കൂറോളം വെള്ളയമ്പലം - വഴുതക്കാട് റോഡിൽ തെരുവുയുദ്ധമായിരുന്നു കല്ലേറിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.
പിന്നീട് പ്രവർത്തകർ പ്രകടനമായി കെ.പി.സി.സി ഓഫീസിലേക്ക്‌പോയി. ആൽത്തറ ജംഗ്ഷന് സമീപത്തുവച്ച് മൂന്ന് പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചു.
സദസിന്റെ സമാപന ദിവസമായ ഇന്നലെയും തിരുവനന്തപുരത്ത് പലിടത്തും നവകേരള ബസിനുനേർക്ക് കരിങ്കൊടി കാട്ടാൻ ശ്രമം നടന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ പുതുപ്പള്ളി ഹൗസിനു മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് നിന്നാണ് പ്രതിഷേധിച്ചത്. ഇന്നലെ സന്ധ്യയ്ക്ക് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രസംഗം തുടങ്ങി ഒന്നര
മിനിട്ടായപ്പോൾ ഷെൽ
ഉച്ചയ്ക്ക് 12 ഓടെ കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തിൽ മ്യൂസിയത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ മാനവീയം വീഥിക്ക് സമീപത്തെ റോഡിലെത്തിയത്. പൊലീസ് ആസ്ഥാനത്തിന് 100 മീറ്റർ അകലെ ബാരിക്കേഡ് വച്ച് തടഞ്ഞു. റോഡിനു കുറുകേ ലോറിയിട്ടാണ് വേദി ഒരുക്കിയത്. സുധാകരന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് വി.ഡി.സതീശൻ സംസാരിക്കാൻ തുടങ്ങിയപ്പോഴായിരുന്നു വേദിക്ക് തൊട്ടരുകിൽ ഷെൽ വീണത്. . ഒന്നര മിനിട്ടേ പ്രസംഗിക്കാനായുള്ളൂ. ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും കെ.പി.സി.സി സെക്രട്ടറി ടി.ശരത്‌ചന്ദ്രപ്രസാദും അടക്കമുള്ളവർ ചേർന്ന് സുധാകരൻ, സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, എം.പിമാരായ ശശി തരൂർ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ജെബി മേത്തർ തുടങ്ങിയ നേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.